സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറിലേക്ക് കെവി തോമസിനെ ക്ഷണിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. സിപിഐഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെവി തോമസ് കുടുങ്ങരുത് എന്ന മുന്നറിയിപ്പ് നല്കുന്ന ചെറിയാന് ഫിലിപ്പ് ഇടത് സഹയാത്രികനായിരിക്കെ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളുമാണ് പങ്കുവയ്ക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ ആയിരുന്നു പ്രതികരണം.
രണ്ട് പതിറ്റാണ്ട് മുന്‍പാണ് ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടത് സഹയാത്രികനാകുന്നത്. അംഗത്വം ഇല്ലെങ്കിലും സിപിഐഎമ്മിന്റെ സജീവ സഹയാത്രികനായി തുടരുകയായിരുന്നു ചെറിയാന് ഫിലിപ്പ്. എന്നാല്‍ സിപിഐഎംഎം വേണ്ട പരിഗണന നല്‍കുന്നില്ല എന്ന പരാതിയെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിസാണ് ചെറിയാന് ഫിലിപ്പ് ഇടതുബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്കെത്തിയത്.
സിപിഐഎം പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ്. ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ യൗവ്വനം മുതല്‍ സിപിഐഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടത് ഇടത് സഹയാത്രികനായ ശേഷമാണെന്നും അദ്ദേഹം പറയുന്നു. മരണക്കെണി എന്നാണ് അക്കാലത്തെ കുറിച്ച് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടര്‍ കൂടിയായ ചെറിയാന് ഫിലിപ്പ് വിശേഷിപ്പിക്കുന്നത്. മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടു പോകുന്ന ആടുമാടുകളെ ഉടമസ്ഥര്‍ ഒരിക്കലും പട്ടിണിക്കിടാറില്ല. കോണ്‍ഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കെ വി തോമസ് സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമോ എന്നതില്‍ തീരുമാനം നാളെയുണ്ടാകും. നാളെ 11 മണിക്ക് മാധ്യമങ്ങളെ കണ്ട് തന്റെ തീരുമാനം അറിയിക്കുമെന്ന് കെവി തോമസ് പറഞ്ഞു. തീരുമാനം അറിയിക്കാന്‍ കെ വി തോമസ് വാര്‍ത്താ സമ്മേളനം കൂടി വിളിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കെ വി തോമസ് പുതിയ രാഷ്ട്രീയ നീക്കത്തിനാണോ ഒരുങ്ങുന്നത് എന്ന കാര്യം ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കാനുള്ള സാധ്യത സിപിഐഎം പൂര്‍ണമായി തള്ളുന്നില്ല. കെ വി തോമസ് മാത്രമല്ല മറ്റ് പല നേതാക്കളും സെമിനാറില്‍ പങ്കെടുക്കുമെന്നാണ് ഇപി ജയരാജന് പറഞ്ഞത്. സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എം വി ജയരാജനും പറഞ്ഞു. ബിജെപിയെയല്ല തങ്ങള്‍ ക്ഷണിച്ചത്. അവര്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്ഥാനമില്ല. എന്നാല്‍ നേതാക്കള്‍ക്ക് സെമിനാറില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കാതിരുന്ന കോണ്‍ഗ്രസ് ഭാവിയില്‍ ഇതേച്ചൊല്ലി ഖേദിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.