മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ക്കും വര്‍ഗീയതയ്ക്കും കേരളത്തോടുള്ള അവഗണനയ്ക്കും എതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മാസ്റ്റര്‍ നയിക്കുന്ന
ജനകീയ പ്രതിരോധ ജാഥക്ക് മാര്‍ച്ച് 8ന് വൈകിട്ട് 4ന് മൂവാറ്റുപുഴ നെഹ്റു പാര്‍ക്കില്‍ സ്വീകരണം നല്‍കും.
ജാഥ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിനൊപ്പം പ്രാദേശിക വികസന പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു വരുന്നതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴയുടെ വികസന പ്രശ്നങ്ങള്‍ ജാഥാ അംഗങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. കാലങ്ങളായി പൂത്തീകരിക്കപ്പെടാതെ കിടക്കുന്ന മൂവാറ്റുപുഴ റിങ്ങ് റോഡ്, മൂവാറ്റുപുഴ ടൗണ്‍ വികസനം, കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് നിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണം, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി വികസനം, ഇന്‍ഡോര്‍ സ്റ്റേഡിയം, മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡ്, മൂവാറ്റുപുഴ കാക്കനാട് നാലുവരിപാത, പുളിഞ്ചുവട്- ഇ.ഇ.സി മാര്‍ക്കറ്റ് ബൈപ്പാസ്,
തൊടുപുഴ റോഡ്, ചാലിക്കടവ് ബൈപ്പാസ്, തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ ജാഥയിലൂടെ സംസ്ഥാന സര്‍ക്കാരി പരിഗണനയ്ക്ക് നല്‍കും. ഇതോടൊപ്പം രണ്ട് പ്രധാന ആവശ്യങ്ങള്‍ കൂടി ശ്രദ്ധയില്‍പ്പെടുത്തും.
മൂവാറ്റുപുഴ പട്ടണം ഗതാഗതക്കുരുക്ക് മൂലം വീര്‍പ്പുമുട്ടുന്നതിന് പരിഹാരം കാണുന്നതിന് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ടൗണ്‍ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തീകരിച്ച് നഗരത്തില്‍ വെള്ളൂര്‍കുന്നം മുതല്‍ 130 കവല വരെ സുഗമമായ നാലുവരി ഗതാഗതത്തിന് സൗകര്യമൊരുക്കണം. ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്കരിച്ചാലും മൂവാറ്റുപുഴ കച്ചേരി താഴത്തെ മൂവാറ്റുപുഴയാറിന് കുറുകെയുള്ള പാലം വീണ്ടും ഗതാഗതക്കുരുക്കിന് കാരണമാകും. അതിനാല്‍ ടൗണ്‍ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കൊപ്പം തന്നെ നിലവിലുള്ള മൂവാറ്റുപുഴ പാലത്തിനു സമാന്തരമായി
കച്ചേരി താഴത്ത് പുതിയ പാലം നിര്‍മിക്കണം. ഇത്തരത്തില്‍ പുതിയ പാലം നിര്‍മിച്ചാല്‍
മാത്രമേ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം ആവുകയുള്ളുവെന്നും ജില്ലാകമ്മിറ്റി അംഗം അഡ്വ. പി.എം. ഇസ്മയില്‍, മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദ്, ഏരിയ സെക്രട്ടറി കെ.പി.രാമചന്ദ്രന് എന്നിവര്‍ പറഞ്ഞു.
ജാഥാ സ്വീകരണത്തോടനുബന്ധിച്ച് വൈകിട്ട് മൂന്നു മുതല്‍ വെള്ളൂര്‍കുന്നം സിഗ്നല്‍ ജംഗ്ഷന്, ഇ.ഇ.സി. മാര്‍ക്കറ്റ് റോഡ്, എവറസ്റ്റ് ജംഗ്ഷന്, കാവുംപടി റോഡ്, കച്ചേരിതാഴം, എസ്എന്‍ഡിപി ജംഗ്ഷന്, ടി.ബി. റോഡ് തുടങ്ങിയ ഇടങ്ങളില്‍ കേന്ദ്രീകരിച്ച് ലോക്കല്‍ കമ്മിറ്റികളുടെ റാലികള്‍ വിവിധ കലാരൂപങ്ങളുടെയും, വാദ്യമേളങ്ങളുടെയും, അകമ്പടിയോടെ സ്വീകരണ കേന്ദ്രത്തിലേക്ക് എത്തിച്ചേരും. സ്വീകരണ വേദിയില്‍ പ്രവ്ദയുടെ കൂട്ടാള്‍ പാട്ട് അവതരിപ്പിക്കും. നാലിന് സ്വീകരണ സമ്മേളനം ആരംഭിക്കും. പെരുമ്പാവൂരിലെ സ്വീകരണത്തിനുശേഷം എം സി റോഡ് വഴി മൂവാറ്റുപുഴയിലേക്ക് എത്തുന്ന ജാഥയെ മണ്ഡലം അതിര്‍ത്തിയായ തൃക്കളത്തൂര്‍ സൊസൈറ്റിപടിയില്‍ മണ്ഡലത്തിലേക്ക് സ്വീകരിച്ചാനയിക്കും. നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ ജാഥയെ അനുധാവനം ചെയ്യും.
വെള്ളൂര്‍കുന്നം മുവാറ്റുപുഴ മെഡിക്കല്‍ സെന്ററിന് മുന്നില്‍ വച്ച് ജാഥാക്യാപ്റ്റന് ചുവപ്പ് സേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. അതിനു ശേഷം നിരവധി കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും കരിമരുന്ന് പ്രയോഗത്തിന്റെയും എല്ലാം അകമ്പടിയില്‍ ജാഥാ ക്യാപ്റ്റനെ തുറന്ന വാഹനത്തില്‍ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് സ്വീകരണം.