തിരുവനന്തപുരം: ഡൽഹി കലാപം റിപ്പോർട്ടുചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തിവയ്പിച്ച കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. വാർത്ത റിപ്പോർട്ടു ചെയ്തതിന്റെ പേരിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്. മാധ്യമൾ തങ്ങൾ പറയുന്നതുമാത്രം റിപ്പോർട്ടു ചെയ്താൽ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ആർക്കും അംഗീകരിക്കാനുമാകില്ല. കേന്ദ്രസർക്കാർ ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിൻവലിക്കണം. സംപ്രേഷണം നിർത്തിവയ്പിച്ച നടപടിക്കെതിരെ ശനിയാഴ്ച സംസ്ഥാനത്ത് മാധ്യമപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ പി റജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയിൽ പറഞ്ഞു.