തിരുവല്ലയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സന്ദീപ് കുമാറിനെ കഴുത്തില്‍ വെട്ടിയത് താനാണെന്ന് പ്രതികളിലൊരാളായ വിഷ്ണുകുമാര്‍ പറയുന്ന ശബ്ദരേഖ പുറത്ത്. വിഷ്ണുകുമാര്‍ നടത്തിയ കോണ്‍ഫറന്‍സ് കോളിന്റെ ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.
കേസില്‍ ഡമ്മി പ്രതികളെ ഹാജരാക്കുന്നത് സംബന്ധിച്ച ചര്‍ച്ചയും കോണ്‍ഫറന്‍സ് കോളില്‍ നടക്കുന്നുണ്ട്. കൃത്യം നടത്തിയ ശേഷം ഒന്നാംപ്രതി ജിഷ്ണു, പ്രമോദ്, നന്ദു എന്നിവര്‍ കരുവാറ്റയിലേക്കും അഞ്ചാംപ്രതി വിഷ്ണുകുമാര്‍ സ്വന്തം വീട്ടിലേക്കുമാണ് പോയത്. മുഹമ്മദ് ഫൈസല്‍ മറ്റൊരിടത്തേക്കും പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജിഷ്ണു, നന്ദു, പ്രമോദ് എന്നിവര്‍ പൊലീസില്‍ കീഴടങ്ങുമെന്നും താന്‍ കീഴടങ്ങേണ്ടതില്ലെന്നാണ് നിര്‍ദ്ദേശമെന്നും വിഷ്ണു പറയുന്നുണ്ട്. കൊലപാതകത്തിനു മുമ്പ് കൃത്യമായ ആസൂത്രണം നടന്നുവെന്നതിന്റെയും ഇവര്‍ക്ക് നിര്‍ദ്ദേശം നല്കാന് ആളുകളുണ്ടായിരുന്നു എന്നതിന്റെയും തെളിവാണ് ലഭിച്ചിരിക്കുന്നത്.