മോദി സമുദായത്തെ അധിക്ഷേപിച്ച കേസില്‍ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം കോടതി അംഗീകരിച്ചു. പരമാവധി ശിക്ഷയ്ക്കാണ് സ്റ്റേ ലഭിച്ചത്. ജസ്റ്റിസുമാരായ ബി.ആര് ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര, നരസിംഹ എന്നിവരായിരുന്നു ഹര്‍ജി പരിഗണിച്ചത്. സ്റ്റേ നല്കിയ സാഹചര്യത്തില്‍ രാഹുലിന്റെ എംപി സ്ഥാനം തിരികെ ലഭിക്കുന്നതാണ്.
ഇരുവിഭാഗങ്ങള്‍ക്കും വാദിക്കാന്‍ 15 മിനിറ്റായിരുന്നു കോടതി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിംഗ്വി ആയിരുന്നു രാഹുലിന് വേണ്ടി ഹാജരായത്. ബിജെപി പ്രവര്‍ത്തരാണ് പരാതിക്കാരെന്ന് രാഹുലിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. കേസ് നല്കിയ പൂര്‍ണേഷ് മോദിയുടെ യാഥാര്‍ത്ഥ പേരില്‍ മോദി എന്നില്ലെന്നും പിന്നീട് പേരില്‍ കൂട്ടിച്ചേര്ത്തതായിരുന്നുവെന്നും സിംഗ്വി വാദിച്ചു. ജനാധിപത്യത്തെ വിമര്‍ശിക്കാനുള്ള അവകാശമാണ് രാഹുല്‍ ഉപയോഗിച്ചത്. മോദി സമുദായത്തെ അപമാനിച്ചിട്ടില്ലെന്നും താനൊരു കുറ്റവാളിയല്ലെന്നും രാഹുല്‍ ആവര്‍ത്തിച്ചു.
സമൂഹത്തിന് എതിരായ കുറ്റമല്ല. ജാമ്യം ലഭിക്കുന്ന കുറ്റമാണ്. ഇതൊരു തട്ടിക്കൊണ്ടുപോകലോ, ബലാത്സംഗമോ, കൊലപാതകമോ അല്ല എന്നിട്ടും പരമാവധി ശിക്ഷ എന്തിന് നല്‍കിയെന്നും രാഹുലിന്റെ അഭിഭാഷന് ചോദിച്ചു. എന്നാല്‍ നിയമവശം മാത്രം ഉന്നയിച്ചാല്‍ മതിയെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. സ്റ്റേ നല്കണമെങ്കില് അസാധാരണ സാഹചര്യം വേണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
സിംഗ്വിയുടെ വാദങ്ങള്‍ക്ക് ശേഷം പരാതിക്കാരന് വാദം മഹേഷ് ജേഠ്മലാനി ആരംഭിച്ചു. യഥാര്‍ത്ഥ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മനഃപൂര്‍വ്വം നടത്തിയ പ്രസ്താവനയാണിത്. പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ മുഴുവന്‍ അപമാനിക്കാന്‍ ഉപയോഗിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൗക്കി ദാര്‍ ചോര്‍ ഹേ എന്ന രാഹുലിന്റെ പരാമര്‍ശവും കോടതിയില്‍ അദ്ദേഹം പറഞ്ഞു. ശിക്ഷാ ഇളവ് നല്‍കരുതെന്നും പരാതിക്കാരന് വാദിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന സീറ്റ് ഒഴിഞ്ഞുകിടക്കുന്നു എന്നുള്ളത് കൊണ്ട് മാത്രം അയോഗ്യത നീക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം രണ്ട് വര്‍ഷത്തെ പരമാവധി ശിക്ഷ നല്‍കേണ്ട ആവശ്യമുണ്ടായിരുന്നോയെന്നും സുപ്രീംകോടതി ആരാഞ്ഞിരുന്നു. രാഹുല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് പരാവധി ശിക്ഷയ്ക്ക് സ്റ്റേ അനുവദിക്കുകയായിരുന്നു.