ന്യൂഡല്‍ഹി: അയോഗ്യത കേസില്‍ അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ വയനാട് ഉപതിരഞ്ഞെടുപ്പുണ്ടാവില്ല. മണ്ഡലത്തിലെ വോട്ടര്‍മാരുടെ അവകാശങ്ങള്‍ കൂടെ കണക്കിലെടുത്താണ് തീരുമാനമെന്ന് വിധി സ്റ്റേചെയ്തതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ബി.ആര്. ഗവായി അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച രാഹുലിന് അനുകൂലമായ വിധി പ്രസ്താവിച്ചത്.
രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മിന്നല്‍ വേഗത്തില്‍ അദ്ദേഹത്തെ അയോഗ്യനാക്കി ഉത്തരവിറക്കിയ ലോക്സഭാ സെക്രട്ടറിയേറ്റ് വിധി സ്റ്റേചെയ്തതോടെ അയോഗ്യത നീക്കാന്‍ എടുക്കുന്ന കാലതാമസം പ്രതിപക്ഷ നേതാക്കന്മാര് ഉറ്റുനോക്കുകയാണ്. വെള്ളിയാഴ്ച തന്നെ വിധിപ്പകര്‍പ്പ് ലോക്സഭാ സെക്രട്ടറിയേറ്റിന് കൈമാറുമെന്ന് രാഹുലിന്റെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്.
അപകീര്‍ത്തി കേസില്‍ പരാമവധി ശിക്ഷ രണ്ട് വര്‍ഷത്തെ തടവാണ്. അതാണ് രാഹുലിന്റെ പരാമര്‍ശത്തിന് ഗുജറാത്തിലെ കോടതി വിധിച്ചത്. ഹൈക്കോടതിയും വിധി ശരിവെച്ചു. അതോടെയാണ് കോണ്‍ഗ്രസ് അവസാന പ്രതീക്ഷയായി സുപ്രീംകോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിലക്കുണ്ട്.
‘ഇന്ത്യാ’ സഖ്യം രൂപംകൊണ്ടതിന് പിന്നാലെ നടക്കുന്ന ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനമാണ് നിലവില്‍ സഭയില്‍ പുരോഗമിക്കുന്നത്. അയോഗ്യതയുള്ളതിനാല്‍ ആദ്യ ദിവസങ്ങളില്‍ രാഹുലിന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി വന്നതോടെ ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കുന്നതോടെ
രാഹുലിന് അടുത്തയാഴ്ച പാര്ലമെന്റിലെത്താനാകും. അവിശ്വാസ പ്രമേയ ചര്‍ച്ചകളിലുള്‍പ്പെടെ രാഹുലിന് പങ്കെടുക്കാന്‍ സാധ്യമാകുന്ന രീതിയില്‍ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനായിരിക്കും കോണ്‍ഗ്രസിന്റെ ശ്രമം. അതോടൊപ്പം മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുലിന് പങ്കെടുക്കാനുമാകും.