തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മേഴ്സിക്കുട്ടനും കൂട്ടരും പടിയിറങ്ങും. കായിക മന്ത്രി വി അബ്ദുറഹിമാനുമായി ഉടക്കിയതോടെ സിപിഎം രാജി ആവശ്യപ്പെടുകയായിരുന്നു. മേഴ്സിക്കുട്ടന്‍ പുറമേ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റിനോടും അഞ്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളോടും രാജി വെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിയും മേഴ്സിക്കുട്ടനും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ അടുത്തിടെ വാര്‍ത്തയായിരുന്നു. കായിക താരങ്ങള്‍ക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങള്‍ നല്‍കാതെ സര്‍ക്കാര്‍ എന്തു ചെയ്യുകയാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പണം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ മേഴ്സിക്കുട്ടന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന.
2019ല്‍ ടിപി ദാസന്റെ പിന്‍ഗാമിയായാണ് മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പദവിയിലേക്ക് വരുന്നത്. കായികതാരം തന്നെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ തലപ്പത്തുണ്ടാവണമെന്ന് മുന്‍ കായികമന്ത്രി ഇപി ജയരാജന്റെ നിര്‍ദേശപ്രകാരമായിരുന്നു നിയമനം. പ്രസിഡന്റ് പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് മേഴ്സിക്കുട്ടനോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.