മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ. സുധാകരന് എംപി. മുഖ്യമന്ത്രി പിണറായിക്കെതിരായ പ്രസ്താവനയില്‍ സി.പി.ഐ.എമ്മിന് ഇല്ലാത്ത പ്രശ്നം കോണ്‍ഗ്രസിനകത്തുള്ളവര്‍ക്ക് തോന്നുന്നതിന്റെ രഹസ്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് അങ്ങനെ വരുന്നതില്‍ സംശയമുണ്ടെന്നും മൂന്ന് ദിവസമായിട്ടും സി.പി.ഐ.എമ്മില്‍ നിന്നും ആരും പ്രതികരിക്കാത്ത വിഷയം കോണ്‍ഗ്രസ് വലിയ വിഷയമാക്കുന്നത് എന്തിനാണെന്നും സുധാകരന് ചോദിച്ചു.
കോണ്‍ഗ്രസിന്റെ താത്പര്യം എന്താണ്. അതില്‍ സംശയം ഉണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ കെ.പി.സി.സി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. അവര്‍ നയം വ്യക്തമാക്കണം. താന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. എനിക്ക് മനസിലായിട്ടില്ല. ചെത്ത് തൊഴിലാളി എന്ന് പറയുന്നത് കുറ്റമാണോ കര്‍ഷക തൊഴിലാളി, നെയ്ത്തുതൊഴിലാളി, ബീഡി തൊഴിലാളി എന്നിങ്ങനെ ഒരു തൊഴില്‍ വിഭാഗത്തെ കുറിച്ച് പറഞ്ഞാല്‍ എന്താണ് അപമാനം എന്താണ് തെറ്റ്. ഇതുവരെ മനസിലായില്ല. ഷാനിമോള്‍ ഉസ്മാന് എന്താണ് ഇത്ര മാനസിക പ്രയാസമെന്ന് അറിയില്ലെന്നും കെ. സുധാകരന് വിമര്‍ശിച്ചു.
ഞാന്‍ തെറ്റ് പറഞ്ഞാല്‍ കാലുപിടിച്ച് മാപ്പുപറയും. പിണറായി വിജയനെ കുറിച്ച് നല്ലത് പറയേണ്ട കാലത്ത് നല്ലത് പറഞ്ഞിട്ടുണ്ട്. ഒരു തൊഴിലാളി വര്‍ഗ നേതാവിന്റെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നു. പക്ഷേ ആ വളര്‍ച്ച പാരമ്യതയിലെത്തുമ്പോള്‍ തൊഴിലാളി വര്‍ഗത്തിന് ഒരു പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം വിനിയോഗിച്ചോ അതോ അദ്ദേഹത്തിന്റെ സുഖസൗകര്യത്തിന് വേണ്ടി ഈ വളര്‍ച്ചയും വികാസവും ഭരണത്തിന്റെ സ്വാധീനവും ഉപയോഗപ്പെടുത്തിയോ എന്നതാണ് അതിലെ സാംഗത്യം. ഞാന്‍ സൂചിപ്പിച്ചത് അതാണ്.
പിണറായി വിജയനെ കുറിച്ച് പറഞ്ഞതില്‍ ഏതെങ്കിലും സി.പി.ഐ.എം നേതാവ് പ്രതികരിച്ചോ, എന്തുകൊണ്ടാണ് അവര്‍ പ്രതികരിക്കാത്തത്. പ്രതികരിക്കാനില്ല എന്ന തിരിച്ചറിവു കൊണ്ടാണത്. പിന്നെ ഷാനിമോള്‍ക്ക് എന്താണ് ഇത്രയും അസന്തുഷ്ടിയും മനപ്രയാസവും ഉണ്ടാവാന്‍ കാരണം. ഉമ്മന്‍ ചാണ്ടിക്കെതിരെ സംസ്ക്കാരമില്ലാത്ത എന്തൊക്കെ വാക്കുകള്‍ അവര്‍ ഉപയോഗിച്ചു. അന്നൊന്നും ഇല്ലാത്ത വികാരം പിണറായിയെ വിമര്‍ശിച്ചപ്പോള്‍ തോന്നാന്‍ എന്തുപറ്റി, സുധാകരന് ചോദിച്ചു.
അതേസമയം മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ സുധാകരന് മാപ്പ് പറയണമെന്നാണ് താന്‍ പറഞ്ഞതെന്ന് ഷാനിമോള്‍ ഉസ്മാന് വ്യക്തമാക്കി. ഇത്തരം പരാമര്‍ശങ്ങളോട് ഒരിക്കലും യോജിക്കാനാവില്ലെന്നാണ് തനിക്ക് കോണ്‍ഗ്രസ് നേതാക്കളോട് പറയാനുള്ളതെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെ. സുധാകരനെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്.