സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും. ഒക്ടോബര്‍ ആറിന് യാത്രയോടൊപ്പം ചേരാനാണ് തീരുമാനം. ഇരുവരും ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കര്‍ണാടകയിലേക്ക് പോകും. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി സോണിയ പൊതുപരിപാടികളില്‍ പങ്കെടുക്കാറില്ലായിരുന്നു.
കഴിഞ്ഞ മാസം മുപ്പതിനാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പ്രവേശിച്ചത്. ഗുണ്ടല്‍പേട്ടില്‍ നിന്നായിരുന്നു പദയാത്ര തുടങ്ങിയത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കാല്‍നടയാത്രയില്‍ പങ്കാളികളാവുന്നത്.
കര്‍ണാടകയില്‍ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റര്‍ കാല്‍നടയായി രാഹുലും സംഘവും സഞ്ചരിക്കും.