ജനങ്ങള്‍ക്കും പാര്‍ട്ടിക്കും എന്നും പ്രിയനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്ത്യനിദ്ര മഹാരഥന്മാര് അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലം കടല്‍ത്തീരത്ത്. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപം പണിയുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര വീട്ടില്‍ നിന്നും കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടു. വൈകിട്ട് 3 വരെ പാര്‍ട്ടി ഓഫീസിലാകും പൊതുദര്‍ശനം. ഈങ്ങയില്‍പീടികയിലെ ‘കോടിയേരി’ കുടുംബ വീട്ടിലെ പൊതുദര്ശനത്തില് ആയിരങ്ങളാണെത്തിയത്. പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കണ്ട് കണ്ണീരണിഞ്ഞാണ് പലരും മടങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയന്. ഭാര്യ കമല എന്നിവര്‍ രാവിലെ തന്നെ ‘കോടിയേരി’ വീട്ടിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. കോടിയേരിയുടെ ഭാര്യ വിനോദിനിയെ ആശ്വസിച്ച പിണറായി അല്‍പ്പസമയം അവര്‍ക്കൊപ്പം ഇരുന്ന ശേഷമാണ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മടങ്ങിയത്. ഇന്നലെ ഏഴുമണിക്കൂറോളം തലശ്ശേരിയിലെ ടൗണ്‍ ഹാളില്‍ കോടിയേരിക്ക് അടുത്തിരുന്ന ശേഷം രാത്രിയോട് വീട്ടിലേക്ക് എത്തി ബന്ധുക്കളെയും ആശ്വസിപ്പിച്ചതിനും ശേഷമായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.
കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തലശ്ശേരി വീട്ടില്‍ നിന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്കുള്ള വഴിയില്‍ ആളുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാം. മീത്തലെ പീടിക, മുഴപ്പിലങ്ങാട്, എടക്കാട്, ചാല, താഴെ ചൊവ്വ, മേലേ ചൊവ്വ എന്നിവിടങ്ങളിലാണ് ആളുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കുന്നത്. സ്പീക്കര്‍ ഷംസീര്‍, എംഎം മണി എംഎല്‍എ, മുകേഷ് എംഎല്‍എ, സംവിധായകന് രഞ്ജിത്ത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വീട്ടിലേക്ക് എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തും. കണ്ണൂര്‍, തലശേരി, ധര്‍മ്മടം, മാഹി എന്നിടങ്ങളില്‍ ദു:ഖ സൂചകമായി സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നതും ഹോട്ടലുകള്‍ തുറക്കുന്നതും തടയില്ല എന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കാല്‍നടയായാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പയ്യാമ്പലത്തേക്ക് ഭൗതിക ശരീരം കൊണ്ടുപോകുക.
അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോടിയേരി ബാലകൃഷ്ണന് വിടവാങ്ങിയത്. പാന്‍ക്രിയാസിലെ അര്‍ബുദരോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മരണ സമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.