ഇടുക്കി : യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ല കളക്ടര്‍ ഷീബ ജോര്‍ജ് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ ജന്മനാടായ പൈങ്ങോട്ടൂരില്‍ വിവിധ ഇടങ്ങളില്‍ ജനങ്ങളെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഡീന്‍ ചെറുതോണിയില്‍ എത്തിയത്. അവിടെ വ്യാപാര സ്ഥാപനങ്ങളില്‍ എത്തി വോട്ട് തേടി. തൊഴിലാളികള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. തുടര്‍ന്ന് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ എത്തി. അവിടെ നേതൃയോഗത്തില്‍ പങ്കെടുത്തു. പൊതു പര്യാടനത്തിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.
വെള്ളിയാഴ്ച ഇടുക്കി ബ്ലോക്ക് പരിധിയില്‍ നിന്നാണ് പൊതു പര്യടനം ആരംഭിക്കുന്നത്. കൊലുമ്പന്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് കലക്ട്രേറ്റില്‍ എത്തിയത്. എ.കെ മണിയുടെ നേതൃത്വത്തില്‍ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ സമാഹരിച്ചു നല്കിയ തുകയാണ് ഡീന്‍ കുര്യാക്കോസ് തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ചത്. ഡിസിസി പ്രസിഡന്റ് സി.പി മാത്യു, കെപിസിസി ജനറല്‍ സെക്രട്ടറി എസ് അശോകന്, യുഡിഎഫ് ജില്ല കണ്‍വീനര്‍ എം.ജെ ജേക്കബ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.എ ഷുക്കൂര്‍, ഇ.എം അഗസ്തി, റോയി കെ പൗലോസ്, ഇബ്രാഹിംക്കുട്ടി കല്ലാര്‍ എന്നിവര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോടൊപ്പം സന്നിഹിതരായിരുന്നു.