കന്യാകുമാരി: കന്യാകുമാരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എച്ച് വസന്ത കുമാറിന്റെ പ്രധാന പ്രചാരകന് സിപിഎം ജില്ലാ സെക്രട്ടറി ആര് ചെല്ലസ്വാമിയാണ്.
എച്ച് വസന്ത്കുമാറിന്റെ പ്രചാരണം നാഗര്‍കോവിലിനടുത്തുള്ള തേങ്ങാപട്ടണത്ത് പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ ഇടത് പാര്‍ട്ടികള്‍ക്ക് കാര്യമായ വേരോട്ടമുളള പ്രദേശം. 2004ല്‍ ഡിഎംകെ കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ബല്ലാര്‍മിന്‍ പൊന്‍രാധാകൃഷ്ണനെ ഒന്നേമുക്കാല്‍ ലക്ഷം വോട്ടുകള്‍ക്ക് തറ പറ്റിച്ചപ്പോള്‍ ഏറ്റവുമധികം ഭൂരിപക്ഷം നല്കിയ മേഖല.
എന്നാല്‍, ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വസന്ത കുമാറിന്റെ വിജയത്തിനായാണ് സിപിഎം സിപിഐ പ്രവര്‍ത്തകര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നത്.
നയങ്ങളില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും മോദിയെ താഴെയിറക്കാനായി ഒരുമിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ വാദം. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇവിടുത്തെ ഐക്യത്തിന് വിളളല്‍ വീഴ്ത്തില്ലെന്നും ഇവര്‍ പറയുന്നു.