തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആറ് മാസത്തോളം വിദേശ രാജ്യങ്ങളിൽ ചെലവഴിച്ചുവെന്ന വിവരാവകാശ രേഖ. വിവരാവകാശ പ്രവർത്തകനും കോൺഗ്രസ് നേതാവുമായ അഡ്വ സിആർ പ്രാണകുമാറിന്റെ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള പ്രോട്ടോക്കോൾ വിഭാഗം ഈ വിവരം നൽകിയത്.
രേഖ പ്രകാരം പിണറായി വിജയൻ വിവിധ വർഷങ്ങളിലായി 173 ദിവസം വിദേശയാത്ര നടത്തി. 2016, 2017, 2018, 2019, 2022, 2023, 2024ലുമാണ് ഈ യാത്രകൾ. അതേസമയം, കൊവിഡ് കാലഘട്ടമായ 2020, 2021 വര്‍ഷങ്ങളിൽ അദ്ദേഹം വിദേശ യാത്രകളൊന്നുംനടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്ര 2016-ൽ ഉദ്യോഗസ്ഥരോടൊപ്പം യുഎഇയിലേക്കായിരുന്നു. 2017ൽ അഞ്ച് ദിവസം ബഹ്റൈൻ സന്ദർശിച്ചു. 2018-ൽ മൂന്ന് തവണ അമേരിക്കയിലേക്കും ഒരു യാത്ര യുഎഇയിലേക്കും നടത്തി.
അടുത്ത വർഷം, നെതർലാൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ അദ്ദേഹം സന്ദര്‍ശനം നടത്തി. ഒപ്പം രണ്ട് യുഎഇ സന്ദർശനങ്ങളും നടത്തി. കൊവിഡ് കാലത്തിന് ശേഷം, 2022-ൽ, അദ്ദേഹം യുഎസും യുഎഇയും രണ്ടുതവണ വീതവും നോർവേയും യുകെയും ഓരോ തവണയും സന്ദർശിച്ചു. 2023-ൽ അമേരിക്ക, ക്യൂബ, യുഎഇ എന്നിവിടങ്ങളിലേക്ക് അദ്ദേഹത്തിന്റെ യാത്രകൾ തുടർന്നു. മുഖ്യമന്ത്രി ആകെ 26 വിദേശ യാത്രകൾ നടത്തിയതായി പ്രോട്ടോക്കോൾ വകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.