കാക്കനാട് : തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്മാന് തിരഞ്ഞെടുപ്പില്‍ കലാപക്കൊടിയുമായി ഒരുവിഭാഗം ലീഗ് കൗണ്‍സിലര്‍മാരും സ്വതന്ത്രന്മാരും രംഗത്തെത്തിയത് യുഡിഎഫിന് പ്രതിസന്ധിയാവും. പി.എം. യൂനുസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ലീഗില്‍ കലാപം. യൂനുസിനെ മത്സരിപ്പിക്കരുതെന്നും സജീന അക്ബറിനെ സ്ഥാനാര്‍ഥിയാക്കണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തി. ഇവര്‍ സ്ഥാനാര്‍ഥിനിര്‍ണയ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. നേതൃത്വം നല്കിയ വിപ്പ് കൈപ്പറ്റാതെയാണ് മുന്‍ വൈസ് ചെയര്മാന് എ.എ. ഇബ്രാഹിംകുട്ടിയും കൗണ്‍സിലര്‍ സജീന അക്ബറും ഇറങ്ങിപ്പോയത്.
ലീഗിലെ ധാരണയുടെ അടിസ്ഥാനത്തില്‍ ഇബ്രാഹിംകുട്ടി രാജിവെച്ചശേഷം പി.എം. യൂനുസാണ് വൈസ് ചെയര്മാനാകേണ്ടിയിരുന്നത്. ലീഗ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനവും ഇതുതന്നെയായിരുന്നു. എന്നാല്‍, ഇബ്രാഹിംകുട്ടി രാജിവെക്കാതിരിക്കുകയും അവിശ്വാസ പ്രമേയത്തിലൂടെ ലീഗ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെതന്നെ പുറത്താക്കപ്പെടുകയും ചെയ്തതോടെയാണ് ഇദ്ദേഹവും ലീഗ് നേതൃത്വവുമായുള്ള പോര് മുറുകിയത്.
കഴിഞ്ഞ ദിവസമാണ് ലീഗ് സംസ്ഥാന-ജില്ലാ നേതാക്കള്‍ കൗണ്‍സിലര്‍മാരുടെയും നേതാക്കളുടെയും യോഗം വിളിച്ചുചേര്‍ത്തത്. യൂനുസിനെ സ്ഥാനാര്‍ഥിയാക്കണം എന്ന് ജില്ലാ നേതൃത്വവും മൂന്ന് കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടെങ്കിലും ഇതിനെതിരേ ഇബ്രാഹിംകുട്ടി രംഗത്തെത്തി. ഇബ്രാഹിംകുട്ടി, വൈസ് ചെയര്മാന് സ്ഥാനത്തേക്ക് സജീന അക്ബറിന്റെ പേര് നിര് ദേശിച്ചു.
ഇതിനിടെ വൈസ് ചെയര്മാന് സ്ഥാനം ആവശ്യപ്പെട്ട് സ്വതന്ത്ര കൗണ്‍സിലര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നേരത്തേ നല്കിയ പിന്തുണ പിന്‍വലിക്കും എന്നാണ് ഭീഷണി. ഇബ്രാഹിംകുട്ടിയും സജീനയും വോട്ട് ചെയ്തില്ലെങ്കില്‍ ലീഗ് സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ കഴിയില്ല. സ്വതന്ത്രരുമായി വൈസ് ചെയര്മാന് സ്ഥാനം പങ്കുവെച്ചുകൊണ്ടുള്ള ധാരണയ്ക്ക് ലീഗ് നേതൃത്വം ശ്രമം തുടങ്ങി. സ്വതന്ത്ര അംഗമായ പി.സി. മനൂപാണ് എല്‍.ഡി.എഫിന്റെ വൈസ് ചെയര്മാന് സ്ഥാനാര്‍ഥി. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്