തൃശ്ശൂര്‍: ഡി.വൈ.എഫ്.ഐ. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും മാറ്റാന്‍ സി.പി.എം. ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. തീരുമാനം അനുമതിക്കായി സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ചു. ഇതോടെ വൈശാഖന് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റപ്പെടും. കൊടകര സി.പി.എം. ഏരിയാകമ്മിറ്റി അംഗത്വവും നഷ്ടമാകും.
ചൊവ്വാഴ്ച വൈകീട്ട് ചേര്‍ന്ന സി.പി.എം. ജില്ലാ കമ്മിറ്റിയോഗമാണ് വൈശാഖന് നേരെ കടുത്ത നടപടിക്ക് തീരുമാനമെടുത്തത്. ഡി.വൈ.എഫ്.ഐ. ജില്ലയില്‍ ആരംഭിച്ച ജാഥയുടെ ക്യാപ്റ്റനായി തീരുമാനിച്ചത് എന്‍.വി. വൈശാഖനെയാണ്. എന്നാല്‍ ജാഥയ്ക്ക് തൊട്ടുമുന്നേ സംഘടനയിലെ ഒരു വനിതാഭാരവാഹി വൈശാഖനെതിരേ പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിച്ച സി.പി.എം., വൈശാഖനെ ജാഥാ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. ആരോപണങ്ങള്‍ നേരിട്ട സാഹചര്യത്തില്‍ നിര്‍ബന്ധ അവധിയില്‍ പോകാനാണ് പാര്‍ട്ടി നിര്‍ദേശിച്ചത്.
അവധിയില്‍ പ്രവേശിച്ച വൈശാഖന് ഡി.വൈ.എഫ്.ഐ. ജാഥയുടെ ഉദ്ഘാടനച്ചടങ്ങില്‍ വേദിയിലെത്തിയത് വിവാദമായിരുന്നു. ജാഥയില്‍നിന്ന് മാറ്റിനിര്‍ത്തിയതല്ല, അസുഖംകാരണം ചികിത്സയില്‍ പോകുന്നതിനാല്‍ മാറിനിന്നതാണ് എന്നായിരുന്നു വൈശാഖന് മാധ്യമങ്ങള്‍ക്ക് നല്കിയ വിശദീകരണം. ചികിത്സയില്‍ പോയ വ്യക്തി ജാഥയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത് പാര്‍ട്ടിക്കും സംഘടനയ്ക്കും അവമതിപ്പ് ഉണ്ടാക്കിയതായി വിലയിരുത്തിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് സിപിഎം., ചൊവ്വാഴ്ച വൈകീട്ട് ജില്ലാ കമ്മിറ്റി – ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങള്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്തത്.