മുംബൈ: മഹാരാഷ്ട്രയുടെ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ ഇപ്പോള്‍ ട്രിപ്പിള്‍ എഞ്ചിനായി മാറിയെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. എന്‍സിപി നേതാവ് അജിത് പവാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും എന്‍ഡിഎയില്‍ പ്രവേശിച്ചതായി പ്രഖ്യാപിക്കുകയും മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര്‍ ഏറ്റെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ഏകനാഥ് ഷിന്‍ഡെയുടെ പ്രതികരണം.
ഇപ്പോള്‍ മഹാരാഷ്ട്രയ്ക്ക് ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്. ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ ഇതോടെ ട്രിപ്പിള്‍ എഞ്ചിനായി മാറി. മഹാരാഷ്ട്രയുടെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അജിത് പവാറിനെയും അദ്ദേഹത്തിന്റെ പക്ഷത്തെയും സ്വാഗതം ചെയ്യുകയാണ്. എന്‍സിപി നേതാവിന്റെ അനുഭവ സമ്പത്ത് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും പ്രയോജനപ്പെടുമെന്നും ഷിന്‍ഡെ പ്രതികരിച്ചു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രിസഭയില്‍ സീറ്റ് വിഭജിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇനിയും സമയമുണ്ട്. ഇപ്പോള്‍ മഹാരാഷ്ട്രയുടെ ഉന്നമനത്തിനായാണ് തങ്ങള്‍ ഒന്നുച്ചേര്ന്നിരിക്കുന്നത്. പ്രതിപക്ഷത്തിന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 4-5 സീറ്റുകളായിരുന്നു ലഭിച്ചതെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകള്‍ പോലും കിട്ടാന്‍ സാധ്യതയില്ലെന്നും ഏകനാഥ് ഷിന്‍ഡെ വിമര്‍ശിച്ചു.
രാജ്ഭവന്റെ പുറത്ത് അജിത് പവാറിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി എന്‍സിപി പ്രവര്‍ത്തകരും എത്തിയിരുന്നു. ”ഞങ്ങള്‍ അജിത് ദാദയ്ക്ക് ഒപ്പ”മുണ്ടെന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു എന്‍സിപി പ്രവര്‍ത്തകര്‍ രാജ്ഭവന് പുറത്ത് കാത്തുനിന്നത്. പ്രധാന എന്‍സിപി നേതാക്കളായ ഛഗന്‍ ഭുജ്പാലും ധനഞ്ജയ് മുണ്ഡെയും ദിലീപ് വാല്‍സെ പാട്ടീലുമുള്പ്പെടെ അജിത് പവാറിന് പിന്തുണ പ്രഖ്യാപിക്കുകയും മന്ത്രിമാരായി സത്യപ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ അജിത് പവാറിന്റെ അട്ടിമറി നീക്കത്തില്‍ പ്രതികരണം തേടാനെയെത്തിയ മാദ്ധ്യമപ്രവര്‍ത്തകരോട് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ പ്രതികരിച്ചത് ഇപ്രകാരമാണ്. ”തനിക്കൊന്നുമറിയില്ല..” എംഎല്‍എമാരുമായി യോഗം ചേര്‍ന്നതിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല. അദ്ദേഹത്തിന് ഇത്തരമൊരു കൂടിക്കാഴ്ച നടത്താനുള്ള അധികാരമുണ്ട്. പക്ഷെ യോഗത്തിന്റെ ഉദ്ദേശ്യം തനിക്ക് അറിവുള്ള കാര്യമല്ലെന്നും ശരദ് പവാര്‍ പ്രതികരിച്ചു.