കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ ജോസ്.കെ.മാണി വിഭാഗത്തെ പരിഹസിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജോസ് വിഭാഗം മുന്നണിയില്‍ വന്നത് കൊണ്ട് എല്‍.ഡി.എഫിന് പ്രത്യേകിച്ച് ഗുണമില്ലെന്നും കേരള കോണ്‍ഗ്രസിന്റെ ബഹുജനാടിത്തറ യു.ഡി.എഫിന്റേതാണെന്നും ജോസ് കെ. മാണി വിഭാഗത്തിന്റെ സ്വാധീനം പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ തെളിഞ്ഞതാണെന്നും കാനം പറഞ്ഞു. ക്രൈസ്തവ വോട്ടുകള്‍ എല്‍.ഡി.എഫ് അടക്കം എല്ലാവര്ക്കും കിട്ടും. ആര്‍ക്കെങ്കിലും അക്കാര്യത്തില്‍ കുത്തക അവകാശപ്പെടാന്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിയില്ലെന്നും കാനം പറഞ്ഞു. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വരേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ല. ഈ വിഷയം മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെ എല്‍.ഡി.എഫിന് സംസ്ഥാനത്ത് തുടര്‍ഭരണം ലഭിക്കും. ഇനി അത് നശിപ്പിക്കാതിരുന്നാല്‍ മതിയെന്നും കാനം ചൂണ്ടിക്കാട്ടി. ‘
നേരത്തെ, യു ഡി എഫ് ദുര്‍ബലപ്പെടുമ്പോള്‍ അതില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നും അവരുടെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടിരുന്നു. യു ഡി എഫ് കക്ഷികള്‍ എങ്ങോട്ട് പോകുന്നുവെന്നത് ഞങ്ങളുടെ വിഷയമല്ല. യു.ഡി.എഫും എല്‍ഡിഎഫും തമ്മില്‍ വ്യത്യാസമുണ്ട്. ഞങ്ങള്‍ നയങ്ങളും പരിപാടികളുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുന്നണിയാണ്. ആ അര്‍ത്ഥത്തില്‍ ഒരു ലെഫ്റ്റ് ഇമേജ് ഈ മുന്നണിക്കുണ്ട്. ആ നയങ്ങളാണ് ഞങ്ങള്‍ നടപ്പിലാക്കുന്നതെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കിയിരുന്നു.