തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ ഉണ്ടായ പ്രതിഷേധത്തില്‍ ഗൂഢാലോചനയുണ്ടന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പിന്നില്‍ യൂത്ത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിലെ പ്രതിഷേധത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ചോദ്യം സ്പീക്കറുടെ റൂളിങ്ങിന് വിരുദ്ധമെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്കെതിരായ ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നം ഇടാതെ മാറ്റുന്നു എന്ന പരാതിയും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു
അന്വേഷണത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ഇടപെടല്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാക്കനാട്ടെ പ്രതിഷേധത്തിലും രാഷ്ട്രീയ നേതാക്കളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിനുള്ളിലെ പ്രതിഷേധത്തില്‍ ഗൂഢാലോചനയുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കെ സുധാകരന് പങ്കുണ്ടെന്ന് സുധാകരന്റെ മുന്‍ ഡ്രൈവര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും, ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ അന്വേഷണം നിലവില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്, എറണാകുളം കാക്കനാട് വെച്ച് മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ചത്, തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ച് ഗൂഡാലോചന നടത്തിയത്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിന്റെ ഇപ്പോഴത്തെ അവസ്ഥ തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഭരണപക്ഷ എംഎല്‍എമാര്‍ സഭയില്‍ ഉന്നയിച്ചത്.