തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷം. വിവാദങ്ങള്‍ക്കിടെ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് നഗരസഭയില്‍ എത്തിയതോടെയാണ് പ്രതിഷേധവുമായി കൗണ്‍സിലര്‍മാര്‍ എത്തിയത്. പ്രതിപക്ഷ അംഗങ്ങളെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. നഗരസഭാധ്യക്ഷയുടെ ചേംബറിന് മുന്നിലുള്ള പ്രതിഷേധം സംഘര്‍ഷം ആയതിനെ തുടര്‍ന്നാണ് നടപടി. നഗരസഭാധ്യക്ഷ അജിത തങ്കപ്പനെ പുറത്തിറങ്ങാന്‍ അനുവദിക്കാതെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
നഗരസഭാധ്യക്ഷ അജിത തങ്കപ്പന് പൊലീസ് സുരക്ഷയില്‍ ചേംബറില്‍ നിന്ന് മടങ്ങി. പൊലീസ് എത്തിയത് നഗരസഭ അധ്യക്ഷയുടെ ആവശ്യ പ്രകാരമാണ്. പൊലീസുമായി കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി. പൊലീസ് വനിതകളെയടക്കം മര്‍ദിച്ചെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് മറികടന്ന് അജിത തങ്കപ്പന് ഓഫിസില്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ഇടത് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തുകയായിരുന്നു. അജിത തങ്കപ്പനെ മുറിക്കുള്ളിലാക്കി പൊലീസ് സുരക്ഷാ വലയം തീര്‍ത്തു. ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വനിതാ കൗണ്‍സിലര്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇതോടെ പൊലീസ് സംരക്ഷണത്തില്‍ അജിത തങ്കപ്പന് പുറത്തിറങ്ങി. നഗസരഭാ സെക്രട്ടറിക്ക് നോട്ടിസ് നല്കാന് അധികാരമില്ലെന്നും സെക്രട്ടറി തനിക്ക് കീഴിലാണെന്നും അജിതാ തങ്കപ്പന് പ്രതികരിച്ചു.