വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൈശാചിക സംഭവത്തില്‍ കാനം രാജേന്ദ്രന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തിരുവോണ ദിവസം തന്നെ കൊലപാതകത്തിന് കോണ്‍ഗ്രസ് അക്രമികള്‍ തിരഞ്ഞെടുത്തത് കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. സംഘടിതമായ അക്രമങ്ങള്‍ അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാനാണ് ശ്രമമെന്നും ജനങ്ങളില്‍ നിന്ന് അനുദിനം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനും യുഡിഎഫിനും കൊലപാതകം നടത്തിയും കലാപം സൃഷ്ടിച്ചും രക്ഷപെടാനാവില്ലെന്നും കാനം പറഞ്ഞു. ഇത്തരം പൈശാചിക സംഭവങ്ങള്‍ക്ക് എതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്ന് കാനം പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തന്നെ രാഷ്ട്രീയ കൊലപാതകത്തെ തുടര്‍ന്ന് ഇടത് വലത് നേതാക്കള്‍ തമ്മില്‍ വാക്പോരുണ്ടായിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് സിപിഐഎം ആരോപിച്ചപ്പോള്‍ തങ്ങള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ രണ്ട് സഖാക്കളുടെ ജീവനെടുത്തുവെന്നാണ് ഫേസ്ബുക്കില്‍ എ എ റഹീം കുറിച്ചത്.
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ആലോചനയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. തിരുവോണനാളില്‍ കോണ്‍ഗ്രസ് ചോരപ്പൂക്കളം തീര്‍ത്തു. മുല്ലപ്പള്ളിയും ചെന്നിത്തലയും മറുപടി പറയണമെന്ന് കടകംപള്ളി പറഞ്ഞു.
അതേസമയം സംഭവവുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം പറഞ്ഞത്. ഗൂണ്ടകളെ പോറ്റുന്ന രാഷ്ട്രീയ പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് ചെന്നിത്തല പറഞ്ഞു.