തിരുവനന്തപുരം: എ.വിജയരാഘവൻ പുതിയ എൽ ഡി എഫ് കണ്‍വീനർ. രാജ്യസഭാ സീറ്റ് സി പി ഐ സി പി എം പാർട്ടികൾക്ക് നൽകാനും ധാരണയായി.
അനാരോഗ്യം മൂലം വൈക്കം വിശ്വൻ സ്ഥാനം ഒഴിയുന്നതിനാലാണ് വിജയരാഘവനെ എൽഡിഎഫ് കണ്‍വീനറായി നിയമിച്ചത്. വെള്ളിയാഴ്ച രാവിലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിജയരാഘവനെ കണ്‍വീനർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നു. പിന്നാലെ ചേർന്ന ഇടതു മുന്നണി യോഗമാണ് ഇക്കാര്യം അംഗീകരിച്ചത്.
ഒഴിവുവരുന്ന രണ്ടു രാജ്യസഭാ സീറ്റിൽ സിപിഎമ്മും സിപിഐയും മത്സരിക്കും. ഇരു പാർട്ടികളും ഓരോ സീറ്റിൽ മത്സരിക്കാൻ ഇടതു മുന്നണി യോഗത്തിലാണ് ധാരണയായത്. എൽഡിഎഫിലെ മറ്റ് കക്ഷികളും സീറ്റിനായി അവകാശവാദമുന്നയിച്ചു. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം ഒഴികെയുള്ള കക്ഷികളാണ് സീറ്റിനായി ആവശ്യമുന്നയിച്ചത്. ഇക്കാര്യം മറ്റൊരവസരത്തിൽ പരിഗണിക്കാമെന്ന് സിപിഎമ്മും സിപിഐയും മറ്റ് കക്ഷികൾക്ക് ഉറപ്പ് നൽകി.