ഒരു രാജ്യം ഒരു രജിസ്ട്രേഷന് പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പറഞ്ഞു. ഭൂമി രജിസ്ട്രേഷന് ഏകീകരിക്കുകയാണ് ലക്ഷ്യം. പ്രത്യേക സാമ്പത്തിക മേഖല (സെസ്) നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍ കഴിയുന്നവിധം പുതിയ നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ബില്ലുകള്‍ കൈമാറുന്നതിന് ഇ-ബില്‍ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകള്‍ക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബില്‍ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
1.5 ലക്ഷം പോസ്റ്റോഫീസുകളില്‍ കോര്‍ ബാങ്കിങ് പദ്ധതി നടപ്പാക്കും. ഇ പാസ്പോര്‍ട്ട് വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
80 ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കും. പിഎം ആവാസ് യോജന പദ്ധതി വഴിയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുക. ഇതിനായി 48000 കോടി രൂപ നല്‍കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.
കര്‍ഷകരെ സഹായിക്കാന്‍ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും:
കര്‍ഷകരെ സഹായിക്കാന്‍ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വളപ്രയോഗത്തിനുമായി കിസാന്‍ ഡ്രോണുകള്‍ ഉപയോഗിക്കും.
അഞ്ച് നദീസംയോജന പദ്ധതികള്‍ക്കായി 46,605 കോടി രൂപ വകയിരുത്തി. ദമന്‍ ഗംഗ- പിജ്ഞാള്‍, തപി- നര്‍മദ, ഗോദാവരി- കൃഷ്ണ, കൃഷ്ണ- പെന്നാര്‍, പെന്നാര്‍- കാവേരി നദികള്‍ തമ്മിലാണ് സംയോജിപ്പിക്കുന്നത്. സംസ്ഥാനങ്ങള്‍ ധാരണയിലെത്തിയാല്‍ പദ്ധതി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
സൗരോര്‍ജ പദ്ധതികള്‍ക്കായി 19,500 കോടി രൂപ വകയിരുത്തി. പൊതുജന നിക്ഷേപം പ്രോത്സാഹിപ്പിക്കും. മൂലധന നിക്ഷേപത്തില്‍ 35.4 ശതമാനം വര്‍ധനയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.
മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും; വജ്രത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു:
പുതിയ കേന്ദ്ര ബജറ്റ് പ്രകാരം മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും. മൊബൈലിലെ ക്യാമറ, ചാര്‍ജറുകള്‍ എന്നിവയ്ക്ക് തീരുവ കുറയ്ക്കും.
വജ്രത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറച്ചു. വജ്രം, രത്നം, ആഭരണത്തില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്ക് വില കുറയും. അതേസമയം കുടകള്‍ക്ക് വില കൂടും.
അതേസമയം ആദായ നികുതി സ്ലാബുകള്‍ പഴയത് പോലെ തുടരും. പുതിയ ഇളവുകളില്ലെന്ന് ധനമന്ത്രി അറിയിച്ചു. ആദായ നികുതി തിരിച്ചടവ് പരിഷ്കരിക്കും. അധിക ആദായം നികുതി അടച്ച് ക്രമപ്പെടുത്താന്‍ രണ്ട് വര്‍ഷം അനുവദിക്കും. വെര്‍ച്വല്‍, ഡിജിറ്റല്‍ സ്വത്തുകളുടെ കൈമാറ്റത്തിലെ ആദായത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തും.
സ്റ്റാര്‍ട്പ്പുകളുടെ ആദായ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി 2023 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍.പി.എസ് നിക്ഷേപങ്ങള്‍ക്ക് 14 ശതമാനം വരെ നികുതി ഇളവ് നല്‍കും. സഹകരണ സംഘങ്ങളുടെ മിനിമം നികുതി 15 ശതമാനമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടി വരുമാനം വര്‍ധിച്ചതായും മന്ത്രി വ്യക്തമാക്കി. ജനുവരിയില്‍ മാത്രം 1.4 ലക്ഷം കോടി നേടാനായി. കോവിഡ് കാലത്ത് ഇത് മികച്ച നേട്ടമാണെന്നും ധനമന്ത്രി പറഞ്ഞു.