തിരുവനന്തപുരം: ബാലരാമപുരത്തെ വനിതാ അറബിക് കോളേജില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ബീമാപള്ളി തൈക്കാപ്പള്ളി സലീമ മന്‍സിലില്‍ ഹാഷിം ഖാനെ (20) ആണ് പോക്സോ നിയമപ്രകാരം പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് അറബിക് കോളേജുമായി ബന്ധമില്ലെന്നാണ് പ്രാഥമിക സൂചന.
വള്ളക്കടവ് സ്വദേശിയായ പെണ്‍കുട്ടിയെ കോളേജില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഹാഷിം ഖാനെ പ്രതിയാക്കിയത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. നെയ്യാറ്റിന്‍കര എ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കോളേജില്‍ മാനസിക പീഡനമുണ്ടാകുന്നുവെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്നും കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നീട് വീട്ടുകാര്‍ കോളേജിലെത്തുമ്പോഴാണ് മകള്‍ മരിച്ച വിവരം അറിയുന്നത്.