കോഴിക്കോട്: നടന് കൂട്ടിക്കല്‍ ജയചന്ദ്രന് കസബ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പോക്സോ കേസില്‍ പ്രതിയായതോടെ 6 മാസത്തിലേറെ നീണ്ട ഒളിവു ജീവിതത്തിനു ശേഷമാണു ജയചന്ദ്രന് പൊലീസ് സ്റ്റേഷനിലെത്തിയത്. ഒളിവില്‍ പോയ ജയചന്ദ്രനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു.
ഫെബ്രുവരി 28 വരെ ജയചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീംകോടതി ഉത്തരവുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവുണ്ടാകുംവരെ അറസ്റ്റ് പാടില്ലെന്നാണു നിര്‍ദേശം. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണു ജയചന്ദ്രനെതിരെ കേസെടുത്തത്. പോക്സോ നിയമങ്ങള്‍ ദുരുപയോഗം ചെയ്ത കേസാണെന്നും പരാതിക്കു പിന്നില്‍ മറ്റു കാരണങ്ങളുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന് ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിനു നോട്ടിസ് അയച്ച കോടതി ഫെബ്രുവരി 28ലേക്കു ഹര്‍ജി പരിഗണിക്കാന്‍ മാറ്റി. നടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കേരള ഹൈക്കോടതി തള്ളിയപ്പോഴാണു സുപ്രീംകോടതിയെ സമീപിച്ചത്.