കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞ തിങ്കളാഴ്ച എംകെ കണ്ണനെ ഇഡി ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിട്ടയക്കുകയായിരുന്നു.
കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി ആര് അരവിന്ദാക്ഷൻ, ബാങ്ക് മുൻ ജീവനക്കാരൻ ജില്‍സ് എന്നിവരില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എംകെ കണ്ണനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇഡി ഒരുങ്ങുന്നത്. കണ്ണൻ പ്രസിഡന്റായ തൃശൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ കേസുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടത്തിയിരുന്നു. മുൻമന്ത്രി എസി മൊയ്തീന്റെ വിശ്വസ്തനാണ് അറസ്റ്റിലായ അരവിന്ദാക്ഷൻ.
തട്ടിപ്പില്‍ അരവിന്ദാക്ഷൻ ഒറ്റയ്ക്കല്ലെന്നും കേസില്‍ ഇനിയും പ്രതികളുണ്ടെന്നുമാണ് എൻഫോഴ്സ്മെന്റ് കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. പല ഉന്നതരുമായും അരവിന്ദാക്ഷന് ബന്ധമുണ്ട്. ഇവരില്‍ ആരൊക്കെ തട്ടിപ്പിന്റെ പങ്ക് പറ്റി എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സതീഷിനെ മുൻമന്ത്രി എ സി മൊയ്തീന് പരിചയപ്പെടുത്തിയത് അരവിന്ദാക്ഷനാണ്.