ഇരിട്ടി: തില്ലങ്കേരി വാഴക്കാല്‍ ഗവ യു പി സ്കൂള്‍ വളപ്പില്‍ ഒളിപ്പിച്ച നിലയില്‍ നാല് ബോംബുകള്‍ കണ്ടെത്തി. പ്ലാസ്റ്റിക് പെയിന്റ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. ബോംബ് സ്ക്വാഡ് എസ് ഐ അജിത്തിൻ്റെ നേതൃത്വത്തില്‍ ഇവ കസ്റ്റഡിയിലെടുത്ത് നിര്‍വീര്യമാക്കി.
തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയാണ് മതിലിനോട് ചേര്‍ന്ന് വാഴകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകര്‍ സ്കൂള്‍ വളപ്പിലെ വാഴക്കുല വെട്ടുന്നതിനിടയിലാണ് ബക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്. തുറന്ന് നോക്കിയപ്പോള്‍ ബോംബ് കാണുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ പി റഹീമിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയും ചെയ്തു.
ആദ്യം ഒരു ബോംബ് മാത്രമായിരുന്നു ബക്കറ്റിനുള്ളില്‍ കാണാന്‍ കഴിഞ്ഞത്. കണ്ണൂരില്‍ നിന്നും ബോംബ് സ്ക്വാഡും മുഴക്കുന്ന് സി.ഐ എം.കെ സുരേഷും സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ബക്കറ്റിനുള്ളില്‍ മൂന്ന് ബോംബുകള്‍ കൂടി കണ്ടെത്തിയത്. പിന്നീട് ആളൊഴിഞ്ഞ ക്വാറിയില്‍വെച്ച് ഇവ നിര്‍വീര്യമാക്കി.