കോട്ടയം: പി പി റോഡില്‍ കുരുവിക്കൂട് കവലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. അക്രമികളെത്തിയ കാറ് ഒരുവിഭാഗം ഓടയിലേക്ക് മറിച്ചിട്ടശേഷം തീയിട്ടു. ഇടമറ്റം സ്വദേശികളായ യുവാക്കള്‍ കാറിലെത്തി കവലയിലുണ്ടായിരുന്ന കുരുവിക്കൂട് സ്വദേശികളായ രണ്ടുപേരെ ഇരുമ്പ് വടികൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
കുരുവിക്കൂട് കരിമുണ്ടയില്‍ ഷിബുവിന്റെ മക്കളായ ആശിഷ്, ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്ക്കൊപ്പമുണ്ടായിരുന്നവൈാണ് അക്രമികളെത്തിയ കാറ് ഓടയിലേക്ക് മറിച്ചിട്ടശേഷം തീയിട്ടത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കാറില്‍ നിറയെ കല്ലുകള്‍ സൂക്ഷിച്ചിരുന്നു. അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും പൂര്‍ണമായും കത്തി നശിച്ചിരുന്നു. പരിക്കേറ്റ് രണ്ടുപേരെയും പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഇടമറ്റത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണമെന്ന് കരുതുന്നു. പൊന്‍കുന്നം പൊലീസ് സ്ഥലത്തെത്തി. സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ അക്രമികള്‍ക്കായി തിരച്ചില്‍ തുടങ്ങി.