മീററ്റ് : വനിതാ കോണ്‍സ്റ്റബിളിനെ പോലീസ് ഉദ്യോഗസ്ഥനായ ഭര്‍തൃപിതാവ് പീഡിപ്പിച്ചു. സംഭവം അറിഞ്ഞ പോലീസുകാരനായ ഭര്‍ത്താവ് യുവതിയെ മുത്വലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.
ബുധനാഴ്ച രാത്രി വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് ഭര്‍തൃപിതാവ് നസീര്‍ യുവതിയെ പീഡിപ്പിച്ചത്. റിസര്‍വ് പോലീസ് സേനയുടെ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയില്‍ ഉദ്യോഗസ്ഥനാണ് നസീര്‍. ഈ വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് യുവതി ഭര്‍ത്താവായ ആബിദിനോട് തന്റെ ദുരനുഭവം തുറന്നുപറഞ്ഞത്. എന്നാല്‍ വിവരം അറിഞ്ഞതോടെ ഇയാള്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുകയാണ് ഉണ്ടായത്. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
മൂന്നുവര്‍ഷം മുൻപാണ് ഇരുവരും വിവാഹിതരായത്. അന്നുമുതല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. ഗാസിയാബാദില്‍ ജോലി ചെയ്യുന്ന പ്രധാന പ്രതി നസീര്‍, മീററ്റില്‍ ജോലി ചെയ്യുന്ന മകന് ആബിദ് എന്നിവര്‍ക്കെതിരെ കോട്വാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എസ്പി വിനീത് ഭട്നഗര്‍ പറഞ്ഞു.