തിരുവനന്തപുരം ഗുണ്ടകളെ അമര്‍ച്ചചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന പോലീസ് മേധാവിയും വിവിധ മേഖലകളില്‍ ക്രമസമാധാന ചുമതലകളുള്ള എ ഡി ജി പിമാരും യോഗത്തില്‍ പങ്കെടുക്കും. സമകാലിക പ്രശ്നങ്ങളും പ്രകൃതിദുരന്തങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പും യോഗത്തില്‍ ചര്‍ച്ചയാകും. പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ്, എ ഡി ജി പിമാര്‍ ഉള്‍പ്പെടെ 26 ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം ലഭിച്ചത്. നാളെ രാവിലെ 11ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളിലും പന്തീരാങ്കാവ് പീഡന കേസിലും പോലീസിന് വീഴ്ചയുണ്ടായതായി ആഭ്യന്തര വകുപ്പ് വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടലെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതല്‍ മെച്ചപ്പെടുത്തുക, ഗുണ്ടാ ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങളിലായിരിക്കും യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ അജന്‍ഡ ഇല്ലാതെയാണ് യോഗം വിളിച്ചത്.