അങ്കമാലി:തട്ടുകടക്കാരനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ കാപ്പ ചുമത്തി തടവിലാക്കി. മൂക്കന്നൂർ കവല തെക്കേക്കര വീട്ടിൽ മജു (37),മൂക്കന്നൂർ കോക്കുന്ന് പാറയിൽ വീട്ടിൽ അനിൽ പപ്പൻ (32) എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ല പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികള്‍ക്കെതിരെ അങ്കമാലി, നെടുമ്പാശ്ശേരി, ആലങ്ങാട് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമം, കവർച്ച, അടിപിടി എന്നിങ്ങനെ നിരവധി കേസുകള്‍ ഉണ്ട്.3 ലിറ്റർ ചാരായം കൈവശം വച്ചതിന് 2020 ൽ അങ്കമാലി എക്സൈസ് രജിസ്റ്റർ ചെയ്ത കേസും അനിൽ പപ്പനെതിരെയുണ്ട്.
ഒരുമിച്ച് കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാറുള്ള ഇവർ കഴിഞ്ഞ ജൂൺ 21 ന് അങ്കമാലിയിൽ തട്ട് കട നടത്തുന്നയാളെ രാത്രി കട അടച്ച് വീട്ടിൽ പോകുന്ന സമയം അങ്കമാലി കുന്ന് ഭാഗത്ത് വച്ച് സംഘം ചേർന്ന് തടഞ്ഞ് നിർത്തി വെട്ടിയും, ഇരുമ്പ് വടിക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജയിലിലായിരുന്നു. കഴിഞ്ഞാഴ്ചയാണ് ഈ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയത്. ഈ കേസിലെ ഒന്നാം പ്രതി ജോസ്ഫിൻ കഴിഞ്ഞ സെപ്റ്റംബർ അവസാനം മുതൽ കാപ്പ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ ആണ്.
അങ്കമാലി പോലീസ് ഇൻസ്പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻപെക്ടർമാരായ കെ.പ്രദീപ്,കെ.എ. പോളച്ചൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.ആർ മിഥുൻ, ടി.പി ദിലീപ് കുമാർ എസ്. ജി പ്രഭ, പി.വി.ജയശ്രീ എന്നിവരാണ് അറസ്റ്റ് ചെയ്തത്. വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.