തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ. നേതാവിന് പിഴ ചുമത്തിയ സംഭവത്തില്‍ പോലീസുകാര്‍ കുറ്റക്കാരല്ലെന്ന് അന്വേക്ഷണ റിപ്പോര്‍ട്ട്. ഇതോടെ പൊലിസ് ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ രണ്ട് എ.എസ്.ഐമാര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരേയും ഇതേ സ്റ്റേഷനില്‍ തന്നെ നിയമിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 4.30-ന് ഒരുവാതില്‍ക്കോട്ട റോഡില്‍ എസ്.ഐ.മാരായ അഭിലാഷ്, അസീം എന്നിവരുടെ നേതൃത്വത്തില്‍ വാഹനപരിശോധന നടക്കുമ്പോള്‍ ബൈക്കില്‍ എത്തിയ ഡി.വൈ.എഫ്.ഐ. നേതാവ് വി.നിതിനെ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ ആവശ്യപ്പെട്ടപ്പോള്‍ താന്‍ ഡി.വൈ.എഫ്.ഐ. ഭാരവാഹിയാണെന്നും അത്യാവശ്യമായി പുറത്തിറങ്ങിയപ്പോള്‍ ഹെല്‍മെറ്റ് എടുക്കാന്‍ മറന്നതാണെന്നും പറഞ്ഞു. പിഴ അടയ്ക്കണമെന്നായി എസ്.ഐ.മാര്‍. ഇതോടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട്, എസ്.ഐ. തെറിവിളിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് ആരോപിച്ച് സി.പി.എം. നേതാക്കളുമായി നിതിന്‍ വൈകീട്ട് ആറോടെ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. മൂന്നുമണിക്കൂറിലേറെ നേരം പോലീസ് സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.
സംഭവത്തിന് പിന്നാലെ പേട്ട പോലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാരേയും സി.പി.ഒയേും സ്ഥലം മാറ്റി. എസ്.ഐയെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും സി.പി.ഒയെ എ.ആര്. ക്യാമ്പിലേക്കുമാണ് സ്ഥലം മാറ്റിയത്. എന്നാല്‍ ഇത് ശിക്ഷാ നടപടി അല്ല എന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.,എച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നര്‍കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം നടത്തി. സി.പി.എം. നേതാക്കള്‍ ആരോപിക്കുന്ന രീതിയില്‍ പോലീസുകാരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായില്ല എന്നാണ് അന്വേഷണം റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളുടെ മൊഴിയിലും പോലീസിന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ല, റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ വീണ്ടും പേട്ട സ്റ്റേഷനിലേക്ക് പുനര്‍നിയമിച്ച് കമ്മിഷണര്‍ ഉത്തരവലിറക്കിയത്.