പാലക്കാട്: മുതലമട മീൻകര ഡാമിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി മീൻ പിടിക്കാൻ പോയ ഗോവിന്ദാപുരം അബേദ്ക്കർ കോളനിയിലെ ശിവരാജനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മീൻകര ഡാമിൽ നിന്നാണ് മൃതദേഹം കിട്ടിയത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. മീൻകര ഡാമിലെ അംഗീകൃത മത്സ്യത്തൊഴിലാളികളും, ശിവരാജനും തമ്മിൽ ഡാമിനകത്തുവച്ച് പ്രശ്നം ഉണ്ടായതായി സുഹൃത്ത് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.