കായംകുളം: വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് നല്കി ഉപരി പഠനത്തിന് പ്രവേശനം നേടിയ മുന്‍ എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിന്റെ വീട്ടില്‍നിന്ന് കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പോലീസ് കണ്ടെത്തി. പ്രവേശനം നേടുന്നതിന് നിഖില്‍ കോളേജില്‍ നല്കിയ കലിംഗ സര്‍വകലാശാലയുടെ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ്, പ്രവേശനം സംബന്ധിച്ച മറ്റുരേഖകള്‍, കോളേജ് ഐ.ഡി. കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെയുള്ളവയാണു കണ്ടെടുത്തത്. രാവിലെ 11.30-നു തുടങ്ങിയ തെളിവെടുപ്പ് ഉച്ചയ്ക്കു 2.30-ഓടെയാണു സമാപിച്ചത്.
വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്ത സാഹചര്യത്തില്‍ അതു നല്കിയ എറണാകുളം പാലാരിവട്ടത്തെ സ്വകാര്യഏജന്‍സിയില്‍ പോലീസ് ഉടന്‍ പരിശോധന നടത്തും. തെളിവെടുപ്പിനായി നിഖിലിനെ അടുത്തദിവസംതന്നെ അവിടെ എത്തിക്കും. എം.എസ്.എം. കോളേജിലും കേരള സര്‍വകലാശാലയിലും തെളിവെടുപ്പിനായി കൊണ്ടുപോകും. സര്‍വകലാശാലയില്‍നിന്ന് ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റ് നേടാന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കേസിലെ മറ്റൊരുപ്രതി അബിന്‍രാജിനെ മാലിദ്വീപില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങി. ബന്ധുക്കളെ സമ്മര്‍ദത്തിലാക്കി അബിന്‍രാജിനെ നാട്ടിലെത്തിക്കാനാണു ശ്രമിക്കുന്നത്. അത് വിജയിച്ചില്ലെങ്കില്‍ നയതന്ത്രമാര്‍ഗങ്ങളിലൂടെ നാട്ടിലെത്തിക്കും. അബിന്‍രാജിന്റെ അമ്മയും മാലിദ്വീപിലാണ്. നിഖിലിന് ഏജന്‍സിവഴി വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുത്തത് അബിന്‍രാജാണ്. അതിന് അബിന്‍രാജിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് നിഖില്‍ തോമസ് രണ്ടുലക്ഷംരൂപ അയച്ചുകൊടുത്തിരുന്നു.
നിഖില്‍തോമസിന്റെ മൊബൈല്‍ഫോണ്‍ വീട്ടില്‍നിന്നു കണ്ടെത്താനായില്ല. കേസുമായി ബന്ധപ്പെട്ട പലതെളിവുകളും അതിലുണ്ടെന്നാണു പോലീസ് കരുതുന്നത്. വീടിനു സമീപത്തെ കരിപ്പുഴത്തോട്ടില്‍ ഫോണ്‍ ഉപേക്ഷിച്ചുവെന്നാണു നിഖില്‍ പോലീസിനോടു പറഞ്ഞിരുന്നത്. എന്നാല്‍, ആ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് കളവാണെന്നു മനസ്സിലായി. കായംകുളം ഡിവൈ.എസ്.പി. ജി. അജയനാഥ്, ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷാഫി, എസ്.ഐ. ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു കേസന്വേഷിക്കുന്നത്.