അടിമാലി: വിനോദസഞ്ചാര മേഖലയിലെ ഭൂമി ചുളുവിലയ്ക്ക് വാങ്ങി നല്‍കാമെന്ന് വാഗ്ദാനംചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. മൂവാറ്റുപുഴ ആരക്കുഴ ലക്ഷ്മി ഭവനില്‍ അനില്‍ വി. കൈമള്‍ (38) അറസ്റ്റിലായത്. ഇയാള്‍ കര്‍ണാടകയില്‍ ഒളിവില്‍ താമസിക്കവെ പോലീസ് അവിടെയെത്തി അറസ്റ്റുചെയ്യുകയായിരുന്നു. തിരുവനന്തപുരം കരമന സ്വദേശി ബോസാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ രണ്ട് പ്രധാന പ്രതികള്‍ അടക്കം ആറുപേര്‍കൂടി പിടിയിലാകാനുണ്ട്.
മേയ് 19-നാണ് കേസിന് ആസ്പദമായ സംഭവം.
അടിമാലിക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തില്‍ വിലകുറച്ച് ഭൂമി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് സംഘം ബോസിനെ ഫോണില്‍ വിളിക്കുന്നത്. ഫാ. പോള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍ കോള്‍. ബോസ് ഇത് വിശ്വസിച്ചു. അടിമാലിയിലേക്ക് 35 ലക്ഷം രൂപ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഫാ. പോളിന്റെ സഹായി പണം കണ്ട് ബോധ്യപ്പെടുമെന്നാണ് പറഞ്ഞത്. ഇതുപ്രകാരം പണവുമായി ബോസ് അടിമാലിയില്‍ എത്തി. ബോസിനെ തള്ളിയിട്ടശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്തു കടന്നെന്നാണ് പരാതി. ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം ഡി.വൈ.എസ്.പി. ബിനു ശ്രീധര്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ഇല്ലാത്ത വൈദികന്റെ പേരിലാണ് തട്ടിപ്പ് നടന്നതെന്നും കണ്ടത്തി.
തുടര്‍ന്ന് വെള്ളത്തൂവല്‍ സി.ഐ. ആര്.കുമാര്‍, എസ്.ഐ.മാരായ സി.ആര്. സന്തോഷ്, സജി എന്‍.പോള്‍, ബിജു തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 4,88,000 രൂപയും പ്രതിയുടെ പക്കല്‍നിന്നും കണ്ടെടുത്തിട്ടുണ്ട്.