തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ എസ്ഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ സുജിത്തിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. എസ്ഐ നൂഹ്മാന്‍, എസ് സി പി ഒ ശശിധരന്, സിപിഒമാരായ സന്ദീപ്, സജീവന് എന്നിവരെയാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയത്. സിപിഒ സുഹൈര്‍ എ ആര് ക്യാമ്പില്‍നിന്ന് സ്റ്റേഷന് ചുമതലയിലേക്ക് വന്നതായിരുന്നു. ഇയാളെ ക്യാമ്പിലേക്ക് തന്നെ തിരിച്ചയച്ചു.
ഈ മാസം അഞ്ചിന് രാത്രിയില്‍ കാണിപ്പയ്യൂര്‍ ബ്ലോക്ക് റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യ പറമ്പിലിരിക്കുകയായിരുന്ന സുഹൃത്തുക്കളെ പൊലീസ് പിടിച്ചതറിഞ്ഞാണ് സുജിത്ത് സ്ഥലത്തെത്തിയത്. തുടര്‍ന്ന് എസ്ഐയുമായുളള സംഭാഷണം വാക്കുതര്ക്കത്തിനിടയാവുകയും സുജിത്തിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ചെന്നുമാണ് പരാതി.
എഫ്ഐആറില്‍ സുജിത്ത് മദ്യപിച്ച് പൊലീസിനെ ആക്രമിച്ചെന്നാണ് ആരോപിച്ചിരിക്കുന്നത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. സുജിത്തിന് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റക്കാരായ പൊലീസുകാരുടെ പേരില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കമ്മിഷണര്‍ക്കും പരാതി നല്കി.