എടപ്പാള്‍: വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പതിനേഴുകാരനെ രണ്ടുപേര്‍ ബൈക്കില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേരെയും പൊലിസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. പൊന്നാനി ചോക്കിരിന്റകത്ത് മുഹമ്മദ് മുബഷീര്‍ (19), ഹാജിയാരകത്ത് മുഹമ്മദ് ജസീല്‍ (18) എന്നിവരെയും പതിനേഴുകാരനെയുമാണ് ചങ്ങരംകുളം പോലീസ് ഇന്‍സ്പെക്ടര്‍ ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. എടപ്പാള്‍-പൊന്നാനി റോഡില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ കുറ്റിപ്പാല സ്വദേശിയായ പതിനേഴുകാരനെ വടിവാള്‍കാണിച്ച് ഭീഷണിപ്പെടുത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ പിന്തുടര്ന്ന് ബലംപ്രയോഗിച്ച് പിടികൂടി ബൈക്കില്‍ കൊണ്ടുപോയി. പൊന്നാനി ഭാഗത്തേക്ക് വടിവാളുമായി ചിലര്‍ ബൈക്കില്‍ പോകുന്നതുകണ്ട് പിറകില്‍വന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു.
ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ഇവരെ പിന്തുടര്ന്നു. ഇതറിഞ്ഞ സംഘം പതിനേഴുകാരനെ ബിയ്യം ജങ്ഷനു സമീപം ഇറക്കിവിട്ട് രക്ഷപ്പെട്ടു. തുടര്‍ന്നാണ് പോലീസ് മൂന്നുപേരെയും പടികൂടിയത്. മുബഷീര്‍ നേരത്തേ കഞ്ചാവ് കേസിലും ജസീല്‍ പോലീസിനെ ആക്രമിച്ച കേസിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരും ഇടപാടുകാരുമാണെന്ന് വിവരം ലഭിച്ചതോടെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.