തിരുവനന്തപുരം: വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടറില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് വര്‍ക്കല സ്വദേശി ചിഞ്ചിലം സതീഷിനെ പൊലിസ് അറസ്റ്റുചെയ്തു. ആറ്റിങ്ങല്‍ ആലംകോട് സ്വദേശിനിയുടെ സ്കൂട്ടറില്‍ നിന്നാണ് പണം മോഷ്ടിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തു വെച്ച് വര്‍ക്കല പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 19 ന് ഓഡിറ്റോറിയത്തിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് കള്ളത്താക്കോല്‍ ഉപയോഗിച്ച് പ്രതി പണം മോഷ്ടിക്കുകയായിരുന്നു. ഓഡിറ്റോറിയത്തിലെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ വ്യക്തമായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളുമായി നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. പ്രതി ഉപയോഗിച്ചിരുന്ന ബൈക്കിന്റെ നമ്പര്‍ വ്യാജമായതിനാല്‍ പിടികൂടാന്‍ പ്രയാസമായിരുന്നു. ദേശീയ പതായിലുള്പ്പടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പ്രതി ജില്ല വിട്ടതായും കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചതായും പൊലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം മെഡിക്കല്‍ കോളേജിനടുത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന സതീഷിനെ പൊലീസ് പിടികൂടിയത്.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ പതിവ്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 17 കേസുകള്‍ സതീഷന്റെ പേരിലുണ്ട്. സ്കൂട്ടറില്‍ നിന്നും മോഷ്ടിച്ച ഒന്നേകാല്‍ ലക്ഷം രൂപയില്‍ 12,500 രൂപ മാത്രമാണ് പൊലീസിന് കണ്ടെത്താനായത്. വര്‍ക്കല മജിസ്ട്രേറ്റ് കോടതിയിലെത്തിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു.