വയനാട്: പൊഴുതനയില്‍ ജ്യേഷ്ഠന് അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അച്ചൂര് അഞ്ചാം നമ്പര്‍ കോളനിയിലെ എലപ്പുള്ളി റെന്നി ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സഹോദരന് ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ബെന്നി റെന്നിയുമായി വാക്കു തര്‍ക്കമുണ്ടായി. ഇതിനിടയില്‍ പ്രകോപിതനായ ബെന്നി ചുറ്റികയെടുത്തു അനുജനായ റെന്നിയുടെ തലയ്ക്കടിക്കുകയായിരുന്നു.
കൊലപാതകത്തില്‍ ഭയപ്പെട്ട മാതാവ് ഡെയ്സി അയല്‍വാസികളെ വിവരമറിയിച്ചു. അയല്‍വാസികളെത്തിയപ്പോള്‍ കിടപ്പുമുറിയില്‍ തലക്കടിയേറ്റ് മരിച്ചു കിടക്കുകയായിരുന്നു റെന്നി. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.