വര്‍ക്കല : വര്‍ക്കലയില്‍ വീട്ടുകാരെ മയക്കി മോഷണം നടത്തിയ കേസിലെ പ്രതി മരിച്ചു. നേപ്പാളുകാരന് രാംകുമാറാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. അയിരൂര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടുജോലിക്കാരിയുടെ സഹായത്തോടെ ചൊവ്വാഴ്ചയാണ് രാംകുമാര്‍ മോഷണം നടത്തിയത് .
വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ ലഹരി നല്കി മയക്കികിടത്തിയായിരുന്നു കവര്‍ച്ച. അയിരൂരിനടുത്ത് ഹരിഹരപുരത്ത് താമസിക്കുന്ന ശ്രീദേവിയമ്മയുടെ വീട്ടിലായിരുന്നു കവര്‍ച്ച. ശ്രീദേവിയമ്മയും മകന്റെ ഭാര്യയായ ദീപയും ഹോം നഴ്സായ സിന്ധുവുമാണ് വീട്ടിലുള്ളത്. നേപ്പാളുകാരി സോകില അടുത്തിടെയാണ് ഇവിടെ വീട്ടുജോലിക്കാരിയായെത്തിയത്.
രാത്രിയിലെ ആഹാരത്തില്‍ ബോധം നഷ്ടപ്പെടാനുള്ള മരുന്ന് ചേര്‍ത്ത് സോകില വീട്ടുകാര്‍ക്ക് നല്കി. അതിന് ശേഷം മോഷണസംഘത്തിലുള്ളവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണവും സ്വര്‍ണവും കൈവശപ്പെടുത്തുകയായിരുന്നു. ഇതേസമയം വീട്ടിലേക്ക് ഫോണ്‍ വിളിച്ചിട്ട് ആരും എടുക്കാത്തതിനാല്‍ ബെംഗളൂരുവിലുള്ള മകന് അയല്‍ക്കാരെ വിവരം അറിയിച്ചു. അവരെത്തി നോക്കിയപ്പോഴാണ് വീട്ടിനുള്ളില്‍ മോഷ്ടാക്കളെ കണ്ടത്.