ഇരിങ്ങാലക്കുട: പതിമൂന്നോളം പവന് വരുന്ന മുക്കുപണ്ടത്തിലുള്ള വളകള്‍ പണയംവെച്ച് നാലരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പുത്തൂര്‍ പൊന്നൂക്കര ലക്ഷംവീട് കോളനിയില്‍ വിജേഷി(36)നെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.യുടെ ചുമതലയുള്ള സി.ആര്. സന്തോഷിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സബ് ഇന്‍സ്പെക്ടര്‍ ഷാജന് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
മാപ്രാണം ജങ്ഷനിലെ ധനകാര്യസ്ഥാപനത്തിലാണ് 12 വളകള്‍ പണയപ്പെടുത്താന്‍ ഇയാള്‍ എത്തിയത്. വളകളില്‍ ഹാള്‍ മാര്‍ക്ക് ചിഹ്നവും രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണം പരിശോധിക്കുന്നതിനിടെ ഇയാളുടെ ഭാവവ്യത്യാസം കണ്ട് സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യംചെയ്തതില്‍നിന്നാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്.
ജില്ലയിലെ പല ധനകാര്യസ്ഥാപനങ്ങളിലും സമാനതട്ടിപ്പുകള്‍ നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അന്വേഷണസംഘത്തില്‍ എസ്.ഐ. എന്‍.കെ. അനില്‍കുമാര്‍, എ.എസ്.ഐ. ഉല്ലാസ് പൂതോട്ട്, സീനിയര്‍ സി.പി.ഒ. രഞ്ജിത്ത്, സി.പി.ഒ.മാരായ വിപിന്‍ ഗോപി, രാഗേഷ് എന്നിവരുമുണ്ടായിരുന്നു.