കോഴിക്കോട്: പെട്രോള്‍ പമ്പിലെ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം പണം തട്ടിയ കേസില്‍ മലപ്പുറം സ്വദേശികളായ മൂന്നുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.സംഘത്തിലുള്ള മറ്റൊരാള്‍ ഇപ്പോഴും ഒളിവിലാണ്. പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ പതിനേഴിന് പുലര്‍ച്ചെ രണ്ട് മണിക്കാണ് ഓമശേരി മാങ്ങാപൊയിലിലെ പെട്രോള്‍ പമ്ബില്‍ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി സംഘം പണം തട്ടിയത്.
വെള്ളില സ്വദേശി സാബിത്ത് അലി, നിലമ്ബൂര്‍ സ്വദേശി അനൂപ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മറ്റൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. കേസിലെ നാലാമനായ അന്‍സാറിന് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. വയനാട് സ്വദേശിയാണ് ഇയാളെന്നാണ് അറസ്റ്റിലായവരുടെ മൊഴി.
ആക്രമണ ശേഷം കാറുമായി അൻസാര്‍ മുങ്ങിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ പ്രതികളില്‍ സാബിത്തിനെയും അനൂപിനെയും സംഭവം നടന്ന പമ്ബില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.മൂവായിരം രൂപയാണ് പ്രതികള്‍ ജീവനക്കാരനായ സുരേഷ് ബാബുനെ ആക്രമിച്ച് തട്ടിയെടുത്തിരുന്നത്. കൂടാതെ രണ്ടായിരം രൂപയുടെ പെട്രോളും അടിച്ചിരുന്നു.