തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനിടെ പ്രാധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ഊമക്കത്ത്. ഒരാഴ്ച്ചയ്ക്ക് മുമ്പ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്.
മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഐബി റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിക്കുന്നത്. പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന സുരക്ഷാഭീഷണികള്‍ ചൂണ്ടിക്കാട്ടുന്ന ഐബി റിപ്പോര്‍ട്ടിലും കത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
പിഎഫ്ഐ നിരോധനം സംബന്ധിച്ചും പ്രധാനമന്ത്രി സുരക്ഷാഭീഷണി നേരിട്ടേക്കാമെന്ന് ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ സമീപകാലത്തായി സംസ്ഥാനത്ത് കണ്ടുവന്ന മാവോയിസ്റ്റ് സാന്നിധ്യവും ഐബി ഗൗരവകരമായി നോക്കിക്കാണുന്നുണ്ട്.
സന്ദര്‍ശനം ഇങ്ങനെ
ഏപ്രില്‍ 24, 25 തീയ്യതികളിലാണ് മോദി കേരളത്തില്‍ സന്ദര്‍ശനം നടത്തുക. ബിജെപിയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം. കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിലെ യുവം പരിപാടിയിലും, കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടന ചടങ്ങിലുമാണ് മോദി പങ്കെടുക്കുക.