കൊച്ചി: തൃക്കാക്കരയില്‍ വീട് വാടകയ്ക്കെടുത്ത് ലഹരിവില്‍പ്പന നടത്തിയ കേസില്‍ പിടിയിലായ നാടക നടി താനല്ലെന്ന് വ്യക്തമാക്കി നടി അഞ്ജു കൃഷ്ണ അശോക്. പേരിലെ സാമ്യമാണ് പ്രശ്നമായത്. കാര്യമറിയാതെ മാധ്യമങ്ങളടക്കം തന്നെ ടാഗ് ചെയ്യുകയാണ്. തന്നെ ടാഗ് ചെയ്യുന്നത് നിര്‍ത്തണം. ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും താരം അറിയിച്ചു.
ഇന്‍സ്റ്റഗ്രാമിലെഴുതിയ കുറിപ്പിലൂടെയാണ് നടിയുടെ വിശദീകരണം. ചൊവ്വാഴ്ചയാണ് 56 ഗ്രാം എംഡിഎംഎയുമായി കഴക്കൂട്ടം സ്വദേശിനിയായ അഞ്ജു കൃഷ്ണ എന്ന നാടക നടി പിടിയിലായത്. സംഭവത്തിന് പിന്നാലെ പേരിലെ സാമ്യം മൂലം നടി അഞ്ജു കൃഷ്ണ അശോകിനെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. തൃക്കാക്കരയില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു പിടിയിലായ നാടക നടിയുടേയും സുഹൃത്തിന്റേയും ലഹരി വില്‍പ്പന. ദമ്പതികളെന്ന വ്യാജേനയാണ് യുവാവും യുവതിയും വീട് വാടകയ്ക്കെടുത്തത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള യോദ്ധാവ് സ്ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്.
നടി അഞ്ജു കൃഷ്ണ അശോക് ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. മോഡലിങ് രംഗത്ത് സജീവമായിരുന്നു ഇവര്‍. പ്രതി പൂവന്‍കോഴി, കുഞ്ഞെല്‍ദോ, രമേശ് ആന്റ് സുമേഷ്, കായ്പോള തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.