തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഏജന്റുമാര്‍ വഴി വ്യാജ രേഖകള്‍ ഹാജരാക്കി പണം തട്ടുന്നുവെന്ന് വിജിലന്‍സ്. തട്ടിപ്പ് പിടികൂടാന്‍ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തുകയാണ്. ഓപ്പറേഷന് സിഎംഡിആര്‍എഫ് എന്ന പേരിലാണ് പരിശോധന.
ജില്ലാ കളക്ടറേറ്റുകളിലും ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലും രാവിലെ 11 മുതലാണ് പരിശോധന ആരംഭിച്ചത്. പണം തട്ടാന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ കൂട്ടുനില്‍ക്കുന്നതായും വിജിലന്‍സിന്റെ കണ്ടെത്തലുണ്ട്. ഏജന്റുമാര്‍ മുഖേന വ്യാജ രേഖകള്‍ ഉള്‍പ്പടെ സമര്‍പ്പിച്ചാണ് പണം തട്ടുന്നത്. ചിലയിടങ്ങളില്‍ അര്‍ഹരായ അപേക്ഷകരെ തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.