തൃശൂര്‍:ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനും ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയുമായിരുന്ന തൃശൂര്‍ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് ഒട്ടേറെ പേരില്‍ നിന്നായി നിക്ഷേപങ്ങള്‍ വാങ്ങി തട്ടിച്ചുവെന്നാണ് പരാതി. തട്ടിപ്പിനിരയായവരില്‍ പ്രമുഖ സിനിമ സീരിയല്‍ താരങ്ങളും ഉണ്ടെന്നാണ് വിവരം. പ്രതിമാസം വലിയൊരു തുക കിട്ടുമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചു. പക്ഷേ, ലാഭം കിട്ടിയില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സ്വാതി റഹിമിന്റെ പേരില്‍ പരാതികളുണ്ട്. പലതും മധ്യസ്ഥം പറഞ്ഞ് തീര്‍ക്കാനായിരുന്നു ശ്രമം.
തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. സേവ് ബോക്സിന്റെ ലോഞ്ചിങ്ങ് വലിയ പരിപാടിയായി തൃശൂരില്‍ നടത്തിയിരുന്നു. ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ പുതിയ ഐ ഫോണുകളെന്ന പേരില്‍ സിനിമാ താരങ്ങള്‍ക്ക് നല്കിയ സമ്മാനം തട്ടിപ്പായിരുന്നു.
ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പൊടി തട്ടി പുതിയ കവറില്‍ നല്‍കിയാണ് അന്ന് ചലച്ചിത്ര താരങ്ങളെ പറ്റിച്ചത്. സേവ് ബോക്സിന്റെ പേര് പറഞ്ഞ് ഒട്ടേറെ സിനിമാ താരങ്ങളുമായി സ്വാതി ബന്ധം ഊട്ടിയുറപ്പിച്ചു. നിക്ഷേപ തട്ടിപ്പുകാരന് പ്രവീണ്‍ റാണ, സ്വാതിയുടെ പക്കല്‍ നിന്ന് അഞ്ചു ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്. സ്വാതിയുടെ വാക്സാമര്‍ഥ്യത്തില്‍ വീണ് പണം നിക്ഷേപിച്ചവരാണ് ഭൂരിഭാഗവും. നിലവില്‍ മൂന്നു പരാതികളില്‍ കേസെടുത്തു. കൂടുതല്‍ പേര് പരാതികള്‍ നല്‍കുമെന്നാണ് സൂചന.