തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യങ്കോടില്‍ അഞ്ചുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന് പിടിയില്‍. മൈലച്ചില്‍ സ്വദേശി സുബിന് (29) ആണ് പിടിയിലായത്. പാച്ചല്ലൂര്‍ സ്വദേശിയായ സ്ത്രീയോടൊപ്പം താമസിച്ചു വരികയായിരുന്നു ഇയാള്‍. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയ പ്രതിയെ ആര്യങ്കോട് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സ്കൂള്‍ വാഹനത്തിന്റെ ഡ്രൈവറാണ് പ്രതി. ഭര്‍ത്താവ് മരിച്ച രണ്ട് കുട്ടികളുടെ അമ്മയും പാച്ചല്ലൂര്‍ സ്വദേശിയുമായ യുവതിയെ സ്കൂളില്‍ വച്ചായിരുന്നു പരിചയപ്പെട്ടത്. തുടര്‍ന്ന് ആര്യങ്കോട് മൈലച്ചിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇയാള്‍ മദ്യപിച്ചെത്തി സ്ഥിരമായി ബഹളവും കലഹവും ഉണ്ടാക്കുകയായിരുന്നു.
മദ്യലഹരിയിലെത്തിയ ഇയാള്‍ കുട്ടിയെ കഴിഞ്ഞ ദിവസം മൃഗീയമായി മര്‍ദിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച കുട്ടിയുടെ അമ്മയ്ക്കും മര്‍ദനമേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ശരീരത്തില്‍ ആകമാനം മര്‍ദനമേറ്റ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.