പത്തനംതിട്ട: പെട്രോള്‍ പമ്പില്‍ അതിക്രമം കാണിച്ച കേസില്‍ മൂന്ന് പ്രതികള്‍ റിമാന്റില്‍. പ്രമാടം സ്വദേശികളായ ഗിരിന്‍, കെ എസ് ആരോമല്‍, അനൂപ് എന്നിവരാണ് റിമാന്റിലായത്.വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ റിമാന്റ് ചെയ്തിരിക്കുന്നത്.പിടിയിലായവര്‍ ഇതിനുമുമ്പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസിലെ മുഖ്യ പ്രതിയായ ആരോമലിനെ ഞായറാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. നിലവില്‍ റിമാന്റിലായ മൂന്ന് പേരേയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
നാല് പേരടങ്ങുന്ന സംഘം ഞായറാഴ്ച വൈകിട്ട് പൂങ്കാവിലെ പെട്രോള്‍ പമ്പില്‍ എത്തി അതിക്രമം കാണിക്കുകയായിരുന്നു. പമ്പില്‍ നിന്ന് പെട്രോള്‍ നല്കാന് വൈകിയെന്നാരോപിച്ച് പമ്പ് ഉടമയേയും ജീവനക്കാരേയും പ്രതികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ജീവനക്കാര്‍ക്ക് തലയ്ക്കാണ് പരുക്കേറ്റത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ചുളള സൂചന പൊലീസിന് ലഭിച്ചത്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദ കുമാറിന്റെ മേല്‍നോട്ടത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.