തൊടുപുഴ: വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ആത്മഹത്യ ചെയ്തത് സഹപ്രവര്‍ത്തകനായ പൊലീസ് ഉദ്യോഗസ്ഥന്റെ ശല്യം സഹിക്കാനാകാതെയെന്ന് ഭര്‍ത്താവ്. കുമളി സ്റ്റേഷനിലെ സിപിഒ വാഗമണ്‍ നല്ലതണ്ണി സ്വദേശിനി മെര്ലിന് ജീവനൊടുക്കിയ സംഭവത്തിലാണ് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മെര്‍ലിന്റെ ഭര്‍ത്താവ് പ്രഭു സിങ് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്കി.
വാഗമണ്‍ പൊലീസ് സ്റ്റേഷനില്‍ മെര്ലിന് ജോലി ചെയ്തിരുന്ന സമയത്ത് മെര്‍ലിന്റെ സഹപ്രവര്‍ത്തകനെതിരെ പ്രഭു സിങ് മുന്‍പും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ഇടുക്കിയിലേക്കും മെര്‍ലിനെ കുമളിയിലേക്കും സ്ഥലം മാറ്റിയിരുന്നു.
ഇക്കഴിഞ്ഞ നവംബര്‍ 29നായിരുന്നു മെര്‍ലിനെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ നിന്നു ജോലിക്കായി ബസില്‍ വരുന്നതിനിടെ താന്‍ വിഷം കഴിച്ചതായി സുഹൃത്തായ സിവില്‍ പൊലീസ് ഓഫിസറെ ഫോണില്‍ അറിയിച്ചിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഡിസംബര്‍ 4നു മരിച്ചു.