തിരുവനന്തപുരം: ഐ.ജി. പി. വിജയനെ സര്‍ക്കാര്‍ സസ്പെന്‍ഡുചെയ്തു. എലത്തൂര്‍ തീവണ്ടി തീവെപ്പ് കേസ് പ്രതിയുടെ വിവരങ്ങള്‍ പുറത്തായതിലൂടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്പെന്ഷന്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എലത്തൂര്‍ കേസ് പ്രതിയെ രത്നഗിരിയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ട്. അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്ന പി. വിജയനും ഗ്രേഡ് എസ്.ഐ. കെ. മനോജ് കുമാറും പ്രതിയെ കൊണ്ടുവന്ന സംഘത്തെ ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു.
ചുമതലകളില്‍ നിന്നും നേരത്തെ നീക്കി
തീവ്രവാദവിരുദ്ധ സ്ക്വാഡ് തലവനായിരുന്ന വിജയനെ നേരത്തേതന്നെ ആ ചുതലയില്‍നിന്ന് മാറ്റിയിരുന്നു. ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍ എം.ഡി.യുടെ ചുമതലയില്‍നിന്നും, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സംസ്ഥാന നോഡല്‍ ഓഫീസര്‍ സ്ഥാനത്തുനിന്നും വിജയനെ ഏതാനും ദിവസംമുമ്പ് നീക്കിയിരുന്നു. പകരം ചുമതല നല്‍കിയിരുന്നില്ല. 1999 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി. വിജയന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി തുടങ്ങിയതുമുതല്‍ അതിന്റെ സംസ്ഥാന നോഡല്‍ ഓഫീസറായിരുന്നു. ഈ ചുമതല തിരുവനന്തപുരം ഡി.ഐ.ജി.ക്കാണ് നല്‍കിയത്.