കോഴിക്കോട്: പേരാമ്പ്രയിലെ അനു കൊലപാതക കേസില്‍ തെളിവുകള്‍ കണ്ടെടുത്ത് അന്വേഷണസംഘം. കൊല നടത്തിയ സമയത്ത് പ്രതി മുജീബ് റഹ്മാന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ പോലീസ് കണ്ടെടുത്തു.പ്രതിയുടെ വീട്ടില്‍നിന്നാണ് വസ്ത്രങ്ങള്‍ കണ്ടെടുത്തത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
പ്രതിയെ വീട്ടിലെത്തി കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ ഭാര്യ ചില വസ്തുക്കള്‍ കത്തിക്കാന്‍ ശ്രമിച്ചത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവരെ തടഞ്ഞ ശേഷം പോലീസ് ഇത് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് പിന്നീട് പരിശോധിച്ചപ്പോഴാണ് സംഭവസമയത്ത് പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളാണെന്ന് പോലീസിന് ബോധ്യമായത്.
മോഷണശ്രമത്തിനിടെ അതിക്രൂരമായാണ് യുവതിയെ ഇയാള്‍ കൊലപ്പെടുത്തിയത്. ഭര്‍ത്താവിന് അടുത്തെത്താന്‍ വഴിയില്‍ വാഹനം കാത്തുനിന്ന അനുവിനെ ഇയാള്‍ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു. മറ്റ് വാഹനങ്ങള്‍ കിട്ടാതിരുന്ന സാഹചര്യത്തില്‍ ഇവര്‍ ബൈക്കില്‍ കയറി.
തോടിന് സമീപത്തുവച്ച് ബൈക്ക് നിര്‍ത്തിയ പ്രതി അനുവിനെ തോട്ടില്‍ മുക്കി കൊലപ്പെടുത്തി. പിന്നീട് ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ അഴിച്ചെടുത്ത ശേഷം രക്ഷപെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് ഇയാള്‍ കൊല നടത്തിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു.